KeralaNews

ഷവർമ മാത്രമല്ല, ഊണടക്കം പാർസൽ ചെയ്ത് നൽകിയാൽ ലേബൽ നിർബന്ധം; ഇല്ലെങ്കിൽ എട്ടിന്റെ പണി

തിരുവനന്തപുരം: ഭക്ഷണം തയ്യാറാക്കിയ സമയം ഉൾപ്പെടെ പ്രദർശിപ്പിക്കുന്ന ലേബലുകൾ പാർസൽ ഭക്ഷണ കവറിന് പുറത്ത് നിർബന്ധമായും പതിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ നിർദേശം പുറപ്പെടുവിച്ചു. ലേബലിൽ ഭക്ഷണം തയ്യാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയ പരിധി എന്നിവ കൃത്യമായി രേഖപ്പെടുത്തണം.

കടകളിൽ നിന്നും വിൽപ്പന നടത്തുന്ന പാകം ചെയ്ത പാർസൽ ഭക്ഷണത്തിന് ലേബൽ പതിക്കണമെന്ന നിയമം ഉണ്ടെങ്കിലും കടയുടമകൾ പാലിക്കുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഇപ്പോൾ നിയമം കർശനമായി നടപ്പിലാക്കുവാൻ കമ്മീഷണർ ജാഫർ മാലിക് നിർദ്ദേശം നൽകിയത്. പാർസൽ ഭക്ഷണം ഉപയോഗിക്കേണ്ട സയമ പരിധി കഴിഞ്ഞ് കഴിക്കുന്നതുമൂലം ഭക്ഷ്യ വിഷബാധ വർധിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് തീരുമാനം.

ഫുഡ്‌ സേഫ്റ്റി സ്റ്റാന്റേര്‍ഡ്‌സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണം. ഇത്തരം ഭക്ഷണം എത്തിക്കുവാന്‍ കൂടുതല്‍ സമയമെടുക്കുന്ന സ്ഥലങ്ങളില്‍ യാത്രയിലും 60 ഡിഗ്രി ഊഷ്മാവ് നിലനിര്‍ത്തേണ്ടതാണ്.

ഈ ഭക്ഷണങ്ങള്‍ സാധാരണ ഊഷ്മാവില്‍ 2 മണിക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കുമ്പോള്‍ ആരോഗ്യത്തിന് ഹാനികരവും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതുമാകാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ 2023 ലായിരുന്നു നേരത്തേ ഉത്തരവിറക്കിയത്.

നിലവിൽ പായ്ക്കറ്റുകളിൽ വിൽപ്പന നടത്തുന്ന ഭക്ഷണത്തിൽ ലേബൽ നിർബന്ധമാണ്. എന്നാൽ കടകളിൽ നിന്നും വാങ്ങുന്ന പാർസലുകളിൽ ഭക്ഷണം തയ്യാറാക്കിയ സമയത്തെ സംബന്ധിച്ചോ ഉപയോഗിക്കേണ്ട സയമ പരിധിയെക്കുറിച്ചോ ഉപഭോക്താക്കൾക്ക് ധാരണയില്ല. പലരും പാർസൽ ഭക്ഷണം വാങ്ങി സ്വന്തം സൗകര്യത്തിനനുസരിച്ച് കഴിക്കുന്നതവരാണ്. എന്നാൽ ഓരോ ഭക്ഷണവും തയ്യാറാക്കിയ സമയം മുതൽ നിശ്ചിത സമയത്തിനുള്ളിൽ തന്നെ ഉപയോഗിക്കേണ്ടതാണ്.

ഷവർമ പോലുള്ള ഭക്ഷണം സമയപരിധി കഴിഞ്ഞ് ഉപയോഗിക്കുന്നത് കൂടുതൽ അപകടം വരുത്തും. ഇത്തരം സംഭവങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെയാണ് നേരത്തേ ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോട് കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപ്പൊതികള്‍ നിരോധിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്.

കടകളിൽ നിന്നും പാർസലായി വിൽപ്പന നടത്തുന്ന ഊണ്, സ്നാക്ക്സ്, മറ്റ് ഭക്ഷണങ്ങൾ എന്നിവയ്ക്കെല്ലാം നിയമം ബാധകമാണ്. ഓൺലൈൻ വഴി വിപണനം നടത്തുന്ന ഭക്ഷണ പായ്ക്കറ്റുകളിലും ലേബൽ പതിക്കണം. ലേബൽ പതിക്കാതെ പാർസൽ ഭക്ഷണം വിൽപ്പന നടത്തുന്നത് നിലവിൽ നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker