FeaturedHome-bannerKeralaNews

കേരളത്തിന് ആശ്വാസം മാത്രം പണമില്ല ; വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം,പ്രത്യേക പാക്കേജുമില്ല

ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തിന് തിരിച്ചടിയായി വീണ്ടും കേന്ദ്രസർക്കാരിൻ്റെ നിലപാട്. വയനാട് ദുരന്തത്തെ അതിതീവ്ര ദുരന്തമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചില്ല. കൂടാതെ പ്രത്യേക പാക്കേജിനെ കുറിച്ചും ആഭ്യന്തര സഹമന്ത്രി പ്രതികരിച്ചില്ല.

ദുരന്ത നിവാരണ നിയമഭേദഗതി ബില്ലിൽ പാർലമെന്റിൽ മറുപടി നൽകുകയായിരുന്നു മന്ത്രി. അതിനിടെ, വയനാടിന് പ്രത്യേക പാക്കേജ് നൽകാത്ത കേന്ദ്രത്തിൻ്റെ നിലപാടിൽ പ്രതിഷേധവുമായി പ്രതിപക്ഷം രം​ഗത്തെത്തി. പ്രതിപക്ഷ ബഹളത്തിനിടെ ദുരന്ത നിവാരണ നിയമ ഭേദഗതി ബിൽ ലോക്സഭയിൽ പാസായി. 

വയനാടിനായി കേന്ദ്രസർക്കാർ കൃത്യമായ ഇടപെടലുകൾ നടത്തി. ദുരന്ത ശേഷം എസ്ഡി ആർഎഫിൽ നിന്ന് സഹായം നൽകി. നവംബറിൽ എൻ ഡി ആർ ഫിൽ നിന്ന് പണം നൽകി. എസ് ഡി ആർ ഫിൽ 700 കോടിയിലധികം തുകയുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി അവിടെയെത്തി ആശ്വാസം നൽകി.

ദുരന്തത്തെ രാഷ്ട്രീയവത്ക്കരിക്കാനാണ് സംസ്ഥാന സർക്കാരും പ്രതിപക്ഷവും ശ്രമിച്ചത്. എയർ ഫോഴ്സും, എൻഡിആർഫും വയനാട്ടിലെത്തി കൃത്യമായ രക്ഷാപ്രവർത്തനം നടത്തി. കേന്ദ്ര സംഘം സാഹചര്യം വിലയിരുത്തി. അതിൻ്റെ അടിസ്ഥാനത്തിലാണ് സഹായം നൽകി വരുന്നതെന്നും മന്ത്രി പറഞ്ഞു. 

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കൂടുതൽ സഹായം കിട്ടാൻ കേരളത്തിന് അർഹതയുണ്ടെന്ന് കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. ഇതിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കിടയിൽ മധ്യസ്ഥതയ്ക്ക് തയാറാണെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു.

ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 700 കോടിയോളം രൂപ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ ഉണ്ടെങ്കിലും ചെലവഴിക്കാവുന്ന മിച്ചമുളളത് 61 കോടി രൂപ മാത്രമാണെന്ന് അമിക്കസ് ക്യൂരിയും റിപ്പോർട്ട് നൽകി. 

വയനാട് ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസത്തിന് 2300 കോടിയോളം രൂപയുടെ കേന്ദ്ര പാക്കേജ് വേണമെന്ന് ആവശ്യപ്പെടുന്നതിനിടെയാണ് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ കണക്കുകൾ ഹാജരാക്കിയത്. 782.99 കോടി രൂപയായിരുന്നു ഒക്ടോബർ ഒന്നുവരെ എസ് ഡി ആർ എഫിൽ ഉണ്ടായിരുന്നത്. എന്നാൽ ഡിസംബർ 10 ലെ കണക്ക് നോക്കുമ്പോൾ ഇത് 700. 5 കോടി രൂപയാണ്.

ഇത് സംസ്ഥാനത്തെ മുഴുവൻ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും വേണ്ടിയുളളതാണ്. ഉരുൾപൊട്ടൽ മേഖലയിലേക്ക് മാത്രമായി ഉപയോഗിക്കാനാകില്ല. ആകെയുളള 700.5 കോടിയിൽ 471 കോടിയോളം രൂപ സംസ്ഥാനത്തെ വിവിധ ആവശ്യങ്ങൾക്കായി കൊടുത്തു തീ‍ർക്കാനുളളതാണ്. മറ്റൊരു 128 കോടി രൂപ കൂടി മറ്റാവശ്യങ്ങൾക്ക് മാറ്റി വയ്ക്കേണ്ടതുണ്ട്.

കണക്കിൽ 700 കോടിയുണ്ടെങ്കിലും വയനാടിന് മാത്രമായി ഇത് ഉപയോഗിക്കാനാകില്ല. മാത്രവുമല്ല പുനരധിവാസത്തിന് ഭൂമി വാങ്ങാൻ എസ് ഡി ആർ എഫ് ഫണ്ട് ഉപയോഗിക്കരുതെന്നാണ് ചട്ടം. വയനാട്ടിൽ ടൗൺ ഷിപ്പ് അടക്കം ഉണ്ടാക്കുന്നതിന് അധികം തുക കണ്ടെത്തേണ്ടതായി വരുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. 

സ്പോൺസർ ഷിപ്പിലൂടെയടക്കം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വയനാടിന് മാത്രമായി 682 കോടി രൂപ ലഭിച്ചു. ടൗൺ ഷിപ്പിനടക്കം ഇതിൽ നിന്ന് പണം കണ്ടത്തേണ്ടതായി വരും. എല്ലാ ചെലവുകളും തട്ടിക്കിഴിച്ച് നോക്കുമ്പോൾ 61 കോടി രൂപ മാത്രമാണ് സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയുടെ കൈവശം മിച്ചമുളളതെന്ന് അമിക്കസ് ക്യൂരിയും റിപ്പോർട്ട് നൽകി. 

എസ് ഡി ആർ എഫ് തുക കടലാസിൽ മാത്രമേയുളളുവെന്നാണ് ഇതിൽ നിന്ന് മനസിലാകുന്നതെന്ന് കോടതി പറഞ്ഞു. ഇക്കാര്യം കേന്ദ്ര സർക്കാരിനെക്കൂടി ബോധ്യപ്പെടുത്തി സംസ്ഥാന സർക്കാർ സഹായം ഉറപ്പാക്കണം. കേന്ദ്ര സ‍ർക്കാരിന് കൂടി വിശ്വാസ യോഗ്യമായ ഏജൻസിയെ നിയോഗിച്ച് യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് നൽകാൻ സംസ്ഥാനം ശ്രദ്ധിക്കണം.

എസ് ഡി ആർ എഫിൽ ഇപ്പോഴുളള തുക, തുകയുടെ മുൻകൂട്ടി നിശ്ചയിച്ച വിനിയോഗം, തുടർന്നുള്ള വിനയോഗം വയനാടിന് അധികമായി വേണ്ട തുക തുടങ്ങിയവ വിശദീകിച്ച് റവന്യൂ. പ്രിൻ. സെക്രട്ടറി 18 ന് റിപ്പോർട്ട് കോടതിയിൽ നൽകണം. ഇത് കേന്ദ്രത്തിന് കൈമാറാമെന്നും ക്രിസ്മസ് അവധിക്ക് ശേഷം വ്യക്തത വരുത്തി സർക്കാരുകൾക്കിടയിൽ മധ്യസ്ഥത വഹിക്കാമെന്നും കോടതി പറഞ്ഞു.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker