ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുലിനെതിരേ രൂക്ഷമായ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കടേഷ് പ്രസാദ്. രാഹുലിന്റെ മോശം ഫോമിനെതിരേ ട്വിറ്ററിലൂടെയാണ് വെങ്കടേഷ് പ്രസാദ് തുറന്നടിച്ചത്. കഴിഞ്ഞ 20 വര്‍ഷത്തിനിടയ്ക്ക് ഇത്രയും കുറഞ്ഞ ശരാശരിയില്‍ ഇത്രയും ടെസ്റ്റ് കളിച്ച ഒരു മുന്‍നിര ബാറ്റ്‌സ്മാനും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ വെങ്കടേഷ് നിരവധി വിമര്‍ശനങ്ങളുന്നയിച്ചു.
രാഹുലിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ ഇതുവരെയുള്ള പ്രകടനം വിലയിരുത്തിയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ രാഹുലിനെതിരേ ആഞ്ഞടിച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും നിരാശപ്പെടുത്തുന്നതായിരുന്നു രാഹുലിന്റെ പ്രകടനം. ആദ്യ ടെസ്റ്റില്‍ 20-റണ്‍സെടുത്ത രാഹുല്‍ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍17-റണ്‍സിന് പുറത്തായി. 2021-ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് രാഹുല്‍ അവസാനമായി ടെസ്റ്റ് സെഞ്ചുറി നേടിയത്.
കഴിഞ്ഞ 20-വര്‍ഷത്തിനിടയ്ക്ക് ഇന്ത്യന്‍ നിരയിലെ ഒരു മുന്‍നിര ബാറ്റ്‌സ്മാനും ഇത്രയും കുറഞ്ഞ ശരാശരിയില്‍ ഇത്രയും ടെസ്റ്റ് കളിച്ചിട്ടില്ല. അദ്ദേഹത്തെ ഉള്‍പ്പെടുത്തുമ്പോള്‍ ഫോമിലുള്ള താരങ്ങള്‍ക്ക് ആദ്യ പതിനൊന്നില്‍ എത്താനുള്ള അവസരം നിഷേധിക്കുകയാണ് ചെയ്യുന്നത്.’വെങ്കടേഷ് ട്വിറ്ററില്‍ കുറിച്ചു.
‘ശിഖര്‍ ധവാന് ടെസ്റ്റില്‍ നാല്‍പ്പതിലധികം ശരാശരിയുണ്ട്. മായങ്കിന് നാല്‍പ്പത്തിയൊന്നിലധികവും, രണ്ടു ഇരട്ടസെഞ്ചുറിയുമുണ്ട്. ശുഭ്മാന്‍ ഗില്‍ മികച്ച ഫോമിലാണ്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങള്‍ അവഗണിക്കപ്പെടുകയാണ്’- വെങ്കടേഷ് പറഞ്ഞു