
വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ വടക്കുപുറത്ത് പാട്ടിന്റെ ഭാഗമായ എതിരേല്‍പ്പിന്, വ്രതം നോറ്റ് എത്തുന്ന എല്ലാ ഭക്തര്‍ക്കും വിളക്കെടുക്കാനുള്ള സൗകര്യം ഒരുക്കി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. വൈക്കം സത്യാഗ്രഹം നടന്നിട്ട് നൂറുവര്‍ഷം പിന്നിടുന്ന വേളയില്‍, ക്ഷേത്രത്തിലെ ചടങ്ങുകളില്‍ ജാതി തിരിച്ചുള്ള പങ്കാളിത്തം പൂര്‍ണമായും ഒഴിവാക്കാനാണ് തീരുമാനം.
12 വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന വടക്കുപുറത്ത് പാട്ടിന്റെ എതിരേല്‍പ്പ് ചടങ്ങിന്, കോടി അര്‍ച്ചന വടക്കുപുറത്തുപാട്ട് കമ്മിറ്റി തയ്യാറാക്കിയ പട്ടികയിലുള്ളവര്‍ക്കൊപ്പം, വ്രതം നോറ്റ് എത്തുന്ന എല്ലാ ഭക്തര്‍ക്കും വിളക്കെടുക്കാം.
വടക്കുപുറത്തു പാട്ട് തുടങ്ങുന്ന ഏപ്രില്‍ രണ്ടുമുതല്‍ വടക്കേനടയിലെ കൊച്ചാലുംചുവട് സന്നിധിയില്‍നിന്നും കൊടുങ്ങല്ലൂരമ്മയെ, കുത്തുവിളക്കുമായി സ്ത്രീകള്‍ ക്ഷേത്രത്തിലേക്കാനയിക്കും. കഴിഞ്ഞ തവണവരെ ഈ എതിരേല്‍പ്പ് വിവിധ സമുദായ സംഘടനകള്‍ വെവ്വേറെയാണ് നടത്തിയിരുന്നത്. ഇതിനായി എത്തുന്ന ഭക്തര്‍ കുത്തുവിളക്കുകൂടി ഒപ്പം കരുതണം. സ്ഥലപരിമിതിയുള്ളതിനാല്‍ ദേവസ്വം ഉദ്യോഗസ്ഥരുടെയും പോലീസിന്റേയും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ബോര്‍ഡ് നിര്‍ദേശിച്ചു.