തിരുവനന്തപുരം: മദ്യത്തിന്റെ പരസ്യമോ പ്രചാരണവുമായിബന്ധപ്പെട്ട നിയമം ലംഘിച്ചാൽ ഇനി ജയിൽശിക്ഷയില്ല. ഈ നിയമമനുസരിച്ചുള്ള കേസുകൾ പിഴയീടാക്കി രാജിയാക്കാവുന്ന കുറ്റമാക്കിയുള്ള അബ്കാരി നിയമഭേദഗതി നിയമസഭയിൽ അവതരിപ്പിച്ചു. മന്ത്രി എം.ബി. രാജേഷ് അവതരിപ്പിച്ച ഭേദഗതി ചർച്ചയ്ക്കുശേഷം സബ്ജക്ട് കമ്മിറ്റിക്കുവിട്ടു.
‘മദ്യപാനം ആരോഗ്യത്തിനു ഹാനികരം’ എന്ന മുന്നറിയിപ്പില്ലാതെ സിനിമാ തിയേറ്ററുകളിൽ മദ്യത്തിന്റെയോ മദ്യത്തിന്റെ ഉപഭോഗത്തിന്റെയോ പ്രദർശനത്തിന്റെയോ രംഗംകാണിച്ചാൽ ആറുമാസം തടവും 10,000 രൂപ പിഴയുമായിരുന്നു ശിക്ഷ. ഇതിൽ ഭേദഗതി വരുത്തി ജയിൽശിക്ഷ ഒഴിവാക്കി. പിഴ അരലക്ഷം രൂപയാക്കി ഉയർത്തി.
മദ്യവർജനനയംപറയുന്ന സർക്കാർ മദ്യം പ്രോത്സാഹിപ്പിക്കുകയാണെന്ന് ചർച്ചയിൽ കോൺഗ്രസിലെ മാത്യു കുഴൽനാടൻ കുറ്റപ്പെടുത്തി. ടോഡി ബോർഡിനെക്കുറിച്ച് മദ്യനയം നിശ്ശബ്ദമാണെന്നു ചൂണ്ടിക്കാട്ടിയ സി.പി.ഐ.യിലെ പി. ബാലചന്ദ്രൻ, ടൂറിസം വ്യവസായവുമായി ബന്ധപ്പെടുത്തി കള്ളിനെ പുനഃസംഘടിപ്പിച്ച് സർക്കാരിന് വരുമാനമുണ്ടാക്കാമെന്നും പറഞ്ഞു.
വ്യാപാരം എളുപ്പമാക്കൽ നടപടിയുടെ ഭാഗമായി രാജ്യത്താകെ 29,428 വ്യവസ്ഥകൾ കുറ്റമല്ലാതാക്കിയിട്ടുണ്ട്. കള്ളുഷാപ്പുകൾ കുടുംബസമേതം വരാനാവുന്നവിധത്തിൽ നവീകരിക്കും. ടോഡി ബോർഡ് ഉടൻ നിലവിൽവരുമെന്നും മന്ത്രി അറിയിച്ചു.
മദ്യവരുമാനമാണ് സർക്കാരിന്റെ ആശ്രയമെന്നതു സംഘപരിവാർ പ്രചാരണമാണെന്ന് മന്ത്രി പറഞ്ഞു. 2011-12ൽ എക്സൈസ് വരുമാനം 18.12 ശതമാനമുള്ളത് 2016-17ൽ 14.5 ശതമാനമായി കുറഞ്ഞു. ഒരുലക്ഷംപേർക്ക് ഒരു മദ്യവിൽപ്പനശാല എന്ന നിലയിലേ കേരളത്തിലുള്ളൂവെന്നും തമിഴ്‌നാട്ടിലും കർണാടകയിലും ഏറെ ഇരട്ടിയാണ്. ലഹരിവേട്ട സർക്കാർ ഊർജിതമാക്കിയിട്ടുണ്ട്.
ലഹരിവേട്ട ഇങ്ങനെ
ഇനം 2019 2022
രാസലഹരി 230 ഗ്രാം 7275.45 ഗ്രാം
എൽ.എസ്.ഡി. സ്റ്റാമ്പ് 18.79 ഗ്രാം 42.78 ഗ്രാം
എം.ഡി.എം.എ. 34 ഗ്രാം 2432 ഗ്രാം
ഹെറോയിൻ 76 ഗ്രാം 447 ഗ്രാം