ശ്രമം വിഫലം;സിഗ്നൽ ലഭിച്ചിടത്ത് മനുഷ്യസാന്നിധ്യമില്ല, പാമ്പിന്റെയോ മറ്റോ ആകാം’: തിരച്ചിൽ നിർത്തി ദൗത്യസംഘം
കൽപറ്റ: മുണ്ടക്കൈയിൽ റഡാർ സിഗ്നൽ ലഭിച്ച സ്ഥലത്ത് നടത്തിയ പരിശോധനകൾ വിഫലം. ഇവിടെനിന്നും യാതൊന്നും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ദൗത്യസംഘം ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു. മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും മാത്രം കണ്ടെടുത്തുകൊണ്ടിരുന്ന സാഹചര്യത്തിലാണ് തകർന്നു വീണ കെട്ടിടത്തിനകത്ത് എവിടെയോ ജീവന്റെ തുടിപ്പ് അവശേഷിക്കുന്നു എന്നൊരു സൂചന ലഭിച്ചത്. തുടർന്ന് രാത്രി വൈകിയും പരിശോധന നടത്താൻ രക്ഷാപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. ഫ്ലഡ് ലൈറ്റ് എത്തിച്ചായിരുന്നു പരിശോധന. എന്നാൽ മനുഷ്യജീവന്റേതായ യാതൊന്നും കണ്ടെത്താൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചില്ല .
മനുഷ്യ ജീവനാകാമെന്ന അഭ്യൂഹം പരന്നതോടെ മുണ്ടക്കൈ ടോപ്പിലേക്ക് ആംബുലൻസുകളടക്കം എത്തിയിരുന്നു. പ്രദേശത്ത് ഇനി മനുഷ്യർ അവശേഷിക്കുന്നില്ലെന്നാണ് പ്രദേശവാസികളും പറയുന്നത്. നേരത്തെ കലുങ്കിന് താഴെയാണ് തിരച്ചിൽ നടത്തിയിരുന്നതെങ്കിൽ പിന്നീട് തകർന്നു കിടക്കുന്ന കെട്ടിടത്തിന് 3 മീറ്റർ താഴ്ചയിലേക്ക് രക്ഷാപ്രവർത്തനം വ്യാപിപ്പിക്കുകയായിരുന്നു. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത് മുസ്‌ലിം ലീഗ് പാർട്ടിയുടെ ഓഫിസാണെന്നും പ്രദേശവാസികൾ അറിയിച്ചു.
മുണ്ടക്കൈ അങ്ങാടിയിൽ അത്യാധുനിക തെർമൽ ഇമേജ് റഡാർ (ഹ്യൂമൻ റെസ്‌ക്യൂ റഡാർ) ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയിൽ നിന്ന് തുടര്‍ച്ചയായി ശ്വാസത്തിന്‍റെ സിഗ്നല്‍ ലഭിച്ചത്. മൂന്ന് മീറ്റര്‍ താഴ്ചയില്‍ നിന്നാണ് സിഗ്നല്‍ ലഭിച്ചത്. ഉദ്യോഗസ്ഥര്‍ സ്ഥലത്ത് സൂക്ഷ്മതയോടെ മണ്ണുമാറ്റി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. പരിശോധന അവസാനിപ്പിച്ച് ഉദ്യോഗസ്ഥര്‍ മടങ്ങിയെങ്കിലും പരിശോധന തുടരാന്‍ നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് എല്ലാവരും തിരിച്ചെത്തുകയായിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കും മൺകൂമ്പാരത്തിനുമടിയിൽ നിശ്ചിത താഴ്ചയിലും പരപ്പിലും ജീവനുള്ള മനുഷ്യരോ മൃഗങ്ങളോ ഉണ്ടെങ്കിൽ റഡാറിൽ സിഗ്നൽ കാണിക്കും എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.