ഞാലിപ്പൂവന്‍ ഇനി തൊട്ടാല്‍ ‘പൊള്ളും’; വില കുത്തനെ ഉയര്‍ന്നു
പാലക്കാട്: കീശ നിറയെ കാശുമായി ചെന്നാല്‍ മാത്രമേ ഇനി ഞാലിപ്പൂവന്‍ പഴം വാങ്ങാന്‍ കഴിയൂ. വിപണിയില്‍ വില കുത്തനെ ഉയര്‍ന്നിരിക്കുകയാണ് ഞാലിപ്പൂവന്. കിലോയ്ക്ക് 80 മുതല്‍ 100 രൂപ വരെയാണ് വില. കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് ഞാലിപ്പൂവന്റെ വില ഇത്രകണ്ട് ഉയര്‍ന്നത്. ദിവസങ്ങള്‍ക്കു മുന്‍പ് കിലോയ്ക്ക് 50 രൂപ വരെയായിരുന്നു വില. പഴത്തിന് ആവശ്യക്കാര്‍ ഏറിയതും ഉല്‍പാദനത്തില്‍ കുറവ് വന്നതുമാണ് വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.
പ്രളയശേഷം സംസ്ഥാനത്ത് ഞാലിപ്പൂവന്റെ ഉല്‍പാദനം കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് വില കുതിച്ചുയര്‍ന്നത്. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്ന് 250-400 കുലകള്‍ മാത്രമാണ് ദിവസവും പാലക്കാട്ടെ പ്രധാന വിപണികളിലേക്ക് എത്തുന്നത്. മുമ്പ് ആയിരത്തിലേറെ കുലകള്‍ ലഭിച്ചിരുന്ന സ്ഥാനത്താണ് ഈ ഇടിവ്. വരും ദിവസങ്ങളിലും വില വര്‍ധിക്കാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു.