‘മനോഹരമായ കള്ളങ്ങളാണ് പലരും ഇഷ്ടപ്പെടുന്നത്’ ചര്‍ച്ചയായി നിഷ സാരംഗിന്റെ പോസ്റ്റ്
കൊച്ചി:കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളാണ് നിഷ സാരംഗ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട നീലുവാണ് നിഷ. ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയാണ് നിഷാ സാരംഗിനെ കുടുംബ പ്രേക്ഷകർക്കിടയിൽ കൂടുതൽ സ്വീകാര്യത നൽകിയത്. ഇപ്പോൾ ഫേസ്ബുക്കിലൂടെ നിഷ പങ്കുവെച്ച പോസ്റ്റും അതിന് പിന്നാലെ സംശയങ്ങളുമായി എത്തിയിരിക്കുകയാണ് ആരാധകർ. ഒന്നും വിട്ടുപറയാതെയാണ് നിഷ സാരംഗിന്റെ പോസ്റ്റ്.
”സത്യസന്ധമായി ജീവിക്കുന്നവരുടെ ജീവിതത്തില്‍ നിന്നും പലരും വഴിമാറി പോയേക്കാം. കാരണം, മനോഹരമായ കള്ളങ്ങളെയാണ് പലരും ഇഷ്ടപ്പെടുന്നത്”, എന്നാണ് നിഷ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.
”പ്രേഷകരുടെ പ്രിയപ്പെട്ട നീലു, എന്തെങ്കിലും ഉണ്ടെങ്കില്‍ തുറന്നു പറയൂ. നിങ്ങളെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഒരുപാട് പ്രേഷകര്‍ നിങ്ങള്‍ക്ക് ചുറ്റും ഉണ്ട്. കുറച്ചുപേര്‍ പലതും പുറത്തു വിടുന്നു. എന്തായാലും എപ്പോഴായാലും എല്ലാം അറിയും. എങ്കില്‍ അത് നേരത്തെ ആയിക്കൂടെ. മറ്റുള്ളവര്‍ക്ക് ദോഷം വരരുതലോ എന്നാഗ്രഹിക്കുന്ന കൂട്ടത്തിലാണ് നിഷ എന്നു ഞങ്ങള്‍ക്ക് അറിയാം. എന്നാലും പറയാതിരിക്കാന്‍ വയ്യ. നിഷയെ സ്‌നേഹിക്കുന്ന ഒരുപാടു പേര്‍ നിങ്ങളെ കാത്തിരിപ്പുണ്ട്”, എന്നാണ് പോസ്റ്റിനു താഴെ ഒരാളുടെ കമന്റ്.
”എന്തിനാ നിങ്ങൾ വളഞ്ഞിട്ട് മൂക്ക് പിടിക്കുന്നത്. പ്രേക്ഷകരോട് എന്തേലും പറയാനുണ്ടെങ്കില്‍ നേരെ പറ”, എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്. ”നിഷാമ്മ എന്താണ് പ്രശ്നം എന്ന് നിങ്ങൾ തുറന്ന് പറയുമോ”, ”ആരെയെങ്കിലും പേടിച്ചിട്ടാണോ”? തുടങ്ങിയ ചോദ്യങ്ങളും ഉയരുന്നുണ്ട്.
ഉപ്പും മുളകും പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടന്‍ ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനും എതിരെ ഒരു നടി പരാതിയുമായി വന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഈ സംഭവവുമായി നിഷയുടെ പോസ്റ്റിന് ബന്ധമുണ്ടോ എന്നും നിഷയാണോ പരാതി കൊടുത്ത നടി എന്ന തരത്തിലുള്ള സംശയങ്ങളും കമന്റ് ബോക്സിൽ ഉയരുന്നുണ്ട്. ഉപ്പും മുളകും പരമ്പരയിൽ ഇനി അഭിനയിക്കുന്നില്ലേ എന്ന ചോദ്യവും ചിലർ ഉയർത്തുന്നുണ്ട്.
വീണ്ടും വിവാഹിതയാകാൻ ആഗ്രഹിക്കുന്നുവെന്നും നിഷ സാരംഗ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അമ്പതാം വയസുമുതൽ തന്നെ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങണമെന്നും എന്തൊക്കെ ഇഷ്ടങ്ങളുണ്ടോ അതൊക്കെയും താൻ ചെയ്തു തുടങ്ങുമെന്നും നിഷ പറഞ്ഞിരുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം മനസു തുറന്നത്.