കഴുത്തില്‍ താലി; നെറ്റിയില്‍ സിന്ദൂരം? ഒരു കൂട്ടുള്ളത് നല്ലതല്ലേ എന്ന് നിഷ സാരംഗ്
കൊച്ചി: മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് നിഷ സാരംഗ്. ഉപ്പും മുളകും എന്ന പരമ്പരയാണ് നിഷ സാരംഗിന്റെ ജനപ്രീതി ഉയര്‍ത്തിയത്.പരമ്പരയിലെ അഞ്ചു മക്കളുടെ അമ്മയായുള്ള നിഷ സാരംഗിന്റെ സ്വാഭാവിക അഭിനയവും നര്‍മ സംഭാഷണങ്ങളും ആര്‍ക്കും അത്ര പെട്ടെന്ന് മറക്കാനാകില്ല. ഉപ്പും മുകളിലെ അഭിനയ മികവിലൂടെ പല ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ലഭിക്കുകയും ചെയ്തു.
പത്താം ക്ലാസിനു പിന്നാലെ വിവാഹിതയായെങ്കിലും വിവാഹ ബന്ധം പരാജയത്തില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന് ആരുടെയും പിന്തുണയില്ലാതെയും നിരവധി പ്രതിസന്ധികള്‍ അതിജീവിച്ചും മക്കളെ വളര്‍ത്തിയ കാര്യങ്ങളൊക്കെ പല ടെലിവിഷന്‍ അഭിമുഖങ്ങളിലും നിഷ പങ്കുവെച്ചിരുന്നു.
മക്കളൊക്കെ വലുതായ സ്ഥിതിക്ക് ഒരു വിവാഹ ജീവിതത്തിലേക്ക് കടക്കാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഒറ്റയ്ക്കുള്ള ജീവിതം മടുത്തതായും അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയിരുന്നു. ജോലിയൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ നമ്മള്‍ പറയുന്നത് കേള്‍ക്കാന്‍ ഒരു പങ്കാളി വേണമെന്നാണ് താരം വ്യക്തമാക്കിയത്. പ്രായമായവരുടെ പ്രണയത്തെക്കുറിച്ചുള്ള തന്റെ മനോഹരമായ സങ്കല്‍പവും നിഷ പങ്കുവെച്ചിരുന്നു.
അമ്മയ്ക്ക് വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ തങ്ങള്‍ അതിനു തടസം നില്‍ക്കില്ലെന്നും അമ്മയെ നോക്കുന്ന ഒരാളായിരിക്കണം എന്നാണ് മക്കളുടെ അഭിപ്രായമെന്ന് നിഷ പറഞ്ഞു. ഈ അഭിമുഖങ്ങള്‍ക്കു പിന്നാലെ നിഷയുടെ വിവാഹം സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളും പ്രചരിച്ചു.
ഇപ്പോള്‍ താന്‍ ഡബ്ബ് ചെയ്ത ചിത്രം കാണാന്‍ എത്തിയ നിഷയുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. കഴുത്തില്‍ താലി അണിഞ്ഞ് നെറ്റിയില്‍ സിന്ദൂരവും ചാര്‍ത്തി എത്തിയ നിഷ സാരംഗിനെ കണ്ട് എല്ലാവര്‍ക്കും സംശയമായി. ആരെയും അറിയിക്കാതെ കല്യാണം കഴിഞ്ഞോ എന്ന സംശയവുമായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ചുറ്റുംകൂടി. എന്നാല്‍ ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ മറുപടി നല്‍കാതെ നിഷ സാംരംഗ് നടന്നു നീങ്ങുകയായിരുന്നു.
ഇത്രയും നാള്‍ മക്കള്‍ക്ക് വേണ്ടി ജീവിച്ചു, ഇനിയൊരു കൂട്ട് വേണമെന്ന് ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നല്ലോ എന്താണ് അതിനെകുറിച്ച് പറയാനുള്ളതെന്ന ചോദ്യത്തിന് ആ കുട്ടി അങ്ങനെ ചോദിച്ചു ഞാന്‍ അങ്ങനെ പറഞ്ഞു എന്നായിരുന്നു മറുപടി.
കല്യാണ വിശേഷം പങ്കുവയ്ക്കാമോ എന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് എന്ത് കല്യാണ വിശേഷം? ആരുടെ എന്നാണ് നടി തിരിച്ചു ചോദിക്കുന്നത്. പുതിയ ജീവിതത്തിലേക്ക് കടന്നതിനെ കുറിച്ച് എന്താണ് പറയാനുള്ളത് എന്നായിരുന്നു അടുത്ത ചോദ്യം. ജീവിതം പുതിയതല്ലല്ലൊ, അത് എപ്പോഴും ഇങ്ങനെ നടന്നു കൊണ്ടിരിക്കുകയല്ലേ; അതില്‍ പുതുമ ഇല്ലല്ലൊ എന്നായിരുന്നു നിഷ മറുപടി പറഞ്ഞത്.
അന്‍പതു വയസ് വരെ മക്കള്‍ക്കു വേണ്ടി ജീവിച്ചു, ഇനിയൊരു കൂട്ടു വേണമെന്ന് അഭിമുഖത്തില്‍ പറഞ്ഞിരുന്നല്ലോ എന്ന് ചോദിച്ചപ്പോള്‍ അത് നല്ല കാര്യം അല്ലെ. നല്ലത് എപ്പോഴെങ്കിലും ചെയ്യാം എന്ന് വിചാരിക്കുന്നു എന്നാണ് നിഷ മറുപടി പറഞ്ഞത്.
‘നമുക്ക് എല്ലാം പങ്കുവയ്ക്കാന്‍ എപ്പോഴും ഒരു ആള് ഉള്ളത് നല്ലതല്ലേ. ഒറ്റപെടുമ്പോള്‍ നമ്മള്‍ അങ്ങനെ ചിന്തിക്കും. ഞാനും അങ്ങനെ ചിന്തിച്ചു. അത് തെറ്റാണെന്ന് തോന്നുന്നില്ല’ – നിഷാ സാരംഗ് പറഞ്ഞു.