എന്ത് പറഞ്ഞാലും ഞാനത് തെറ്റിക്കില്ല, മകള്‍ വാശിപ്പിടിച്ച് മുറിയടച്ചിരുന്നതോടെ വാതില്‍ ചവിട്ടി തുറന്നെന്ന് നിഷ
കൊച്ചി:പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ വിവാഹതിയായി രണ്ട് പെണ്‍മക്കളുടെ അമ്മയായ ശേഷം ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് സിംഗിള്‍ മദര്‍ ആയി ജീവിക്കുകയായിരുന്നു നടി നിഷ സാരംഗ്. ചെറിയ വേഷങ്ങളില്‍ അഭിനയിച്ച് ശ്രദ്ധേയ നടി ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ജനപ്രിയ നടിയാകുന്നത്.
രണ്ട് മക്കളെയും പഠിപ്പിച്ച് അവരുടേതായ ജീവിതത്തിലേക്ക് എത്തിച്ചശേഷം ഇനിയൊരു വിവാഹം കഴിക്കാന്‍ താന്‍ ആലോചിക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം നടി വെളിപ്പെടുത്തിയത്. 50 വയസ്സിനുശേഷം ഞാനെന്റെ ജീവിതം നോക്കുമെന്ന് മക്കളോട് നേരത്തെ പറഞ്ഞിരുന്നതായിട്ടാണ് ഒറിജിനല്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ നിഷ വെളിപ്പെടുത്തുന്നത്.
മൂത്ത മകള്‍ക്കൊപ്പമാണ് അഭിമുഖത്തിന് നടിയെത്തിയത്. അമ്മയുടെ വിവാഹത്തെക്കുറിച്ചും ഭാവി സ്വപ്നങ്ങളെപ്പറ്റി മകളും സംസാരിച്ചിരുന്നു. ഇതിനിടെ മക്കളോട് ദേഷ്യപ്പെടേണ്ടി വന്നിട്ടുള്ള സാഹചര്യത്തെക്കുറിച്ച് നിഷ പറഞ്ഞ കാര്യങ്ങള്‍ വൈറല്‍ ആവുകയാണ്. ഒരിക്കല്‍ തനിക്ക് നിയന്ത്രണം നഷ്ടമായ സംഭവം ഉണ്ടായിട്ടുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.
ഇളയ മകളുടെ പിറന്നാളിന് മുന്നോടിയായി ഞങ്ങള്‍ ഡ്രസ്സ് വാങ്ങാന്‍ പോയതായിരുന്നു. അവള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഉടുപ്പ് തന്നെ വാങ്ങി. അതിന്റെ പൈസ എല്ലാം കൊടുത്ത് തിരിച്ചിറങ്ങാന്‍ നേരത്ത് മറ്റൊരു ഡ്രസ്സ് അവളുടെ ശ്രദ്ധയില്‍പ്പെട്ടു. അതും കൂടി വേണമെന്ന് വാശി പിടിക്കാന്‍ തുടങ്ങി. എനിക്ക് കുറച്ച് പിശുക്കിന്റെ അസുഖം ഒക്കെ ഉള്ള ആളാണ്. ഒരു മാസത്തില്‍ എത്രയാണ് വരുമാനം ഉള്ളത് അതില്‍ ഇത്ര മാത്രമേ ചിലവഴിക്കുകയുള്ളൂ, ഇത്ര സേവ് ചെയ്യും എന്നൊക്കെ തീരുമാനം എനിക്കുണ്ട്. അത് മക്കള്‍ക്കും അറിയാവുന്നതാണ്.
ചിലവ്, സേവിങ്‌സ്, മറ്റൊരാളെ സഹായിക്കുക, പിന്നെ ദൈവത്തിന്… എന്നിങ്ങനെ നാല് കാറ്റഗറിയിലാണ് എന്റെ കയ്യിലുള്ള പൈസ ഉപയോഗിക്കുക. അതിനപ്പുറത്തേക്ക് കടക്കാന്‍ ഞാന്‍ ശ്രമിക്കില്ല. അത് എന്തൊക്കെ പ്രശ്‌നമാണെന്ന് പറഞ്ഞാലും അങ്ങനെ തന്നെയാണ്. ഒരു തവണ അത് തെറ്റിച്ചാല്‍ വീണ്ടും അതിന് ശ്രമിക്കും.
ചെലവിനുള്ള തുക മാത്രമേ ചെലവിനായി ഉപയോഗിക്കുകയുള്ളൂ. അതൊരു വാശി മാത്രമല്ല ഞാന്‍ ശീലിച്ചതാണ്. പക്ഷേ അവള്‍ക്ക് ഇഷ്ടപ്പെട്ട ആ വസ്ത്രം വേണമെന്ന് പറഞ്ഞ് വഴക്ക് കൂടി. കഷ്ടപ്പെട്ട് അവളെ വീട്ടിലെത്തിച്ചെങ്കിലും അന്നുമുതല്‍ അവള്‍ മുറിയില്‍ കയറി വാതില്‍ അടച്ചിരുന്നു. പിറ്റേദിവസം ഞാന്‍ ജോലിക്ക് പോയി തിരിച്ചുവരുമ്പോഴും വാതില്‍ അടച്ചിരിക്കുകയാണ്. ചോക്ലേറ്റ് ഒക്കെ ഉള്ളതുകൊണ്ട് അഡ്ജസ്റ്റ് ചെയ്ത് കഴിച്ചിട്ടുണ്ടാവും.
പിറ്റേദിവസം അവള്‍ മുറി തുറന്നില്ല. എന്റെ അമ്മ അന്ന് കൂടെയുണ്ട്. ഇങ്ങനെ ഇരുന്നാല്‍ അവള്‍ പട്ടിണി കിടന്നു മരിക്കുമെന്ന് അമ്മ പറഞ്ഞ് എന്നെ ദേഷ്യം പിടിപ്പിക്കാന്‍ തുടങ്ങി. അങ്ങനെ പ്രഷര്‍ ചെയ്താലേ എനിക്ക് ദേഷ്യം വരികയുള്ളൂ. ഇതോടെ നിവൃത്തിയില്ലാതെ വാതിലിനിട്ട് ഒറ്റ ചവിട്ട് ചവിട്ടി. ഇതോടെ വാതില്‍ തുറന്നു.
പിന്നെ രണ്ടുദിവസം ഭക്ഷണം കഴിക്കാത്തതിന്റെ ക്ഷീണം ഉണ്ടായിരുന്നതിനാല്‍ മകളെ ആശുപത്രിയില്‍ കൊണ്ടു പോകുകയും ട്രിപ്പിട്ടതിനുശേഷം തിരികെ കൊണ്ടുവരുകയും ചെയ്തു. ആശുപത്രിയില്‍ എത്തിയശേഷം അവള്‍ എന്നോട് ക്ഷമ പറഞ്ഞു. പിന്നീട് അവളുടെ സങ്കടം കണ്ട് ഏതോ ഒരു സുഹൃത്ത് ആ വസ്ത്രം തന്നെ വാങ്ങിക്കൊടുത്തു. പക്ഷേ താന്‍ അത് ചെയ്തില്ലെന്നും നിഷ പറയുന്നു.