ന്യൂഡല്‍ഹി: മൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെച്ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളം. ബജറ്റ് വിവേചനപരമാണെന്ന് ആരോപിച്ച് പ്രതിപക്ഷം ലോക്‌സഭയുടെ ചോദ്യോത്തരവേളയില്‍ മുദ്രാവാക്യം മുഴക്കി. രാജ്യസഭയില്‍നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. അതേസമയം, പ്രതിപക്ഷ ആരോപണങ്ങള്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ രാജ്യസഭയില്‍ മറുപടി നല്‍കി.
എല്ലാ ബജറ്റിലും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടേയും പേര് പറയാന്‍ സാധിക്കില്ലെന്നത് വളരെക്കാലം രാജ്യം ഭരിച്ച കോണ്‍ഗ്രസിന് വ്യക്തമായി അറിയാമെന്ന് അവര്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ വന്ദാവനില്‍ തുറമുഖം നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എടുത്ത തീരുമാനം ചൂണ്ടിക്കാട്ടിയും അവര്‍ തന്റെ ഭാഗം വിശദീകരിച്ചു. ഇടക്കാല ബജറ്റിലും സമ്പൂര്‍ണ ബജറ്റിലും മഹാരാഷ്ട്രയുടെ പേര് പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വന്ദാവനില്‍ തുറമുഖം നിര്‍മിക്കാന്‍ തീരുമാനം എടുത്തിട്ടുണ്ട്. ബജറ്റില്‍ മഹാരാഷ്ട്രയുടെ പേര് പറഞ്ഞില്ല എന്നതിന്റെ അര്‍ഥം സംസ്ഥാനത്തെ അവഗണിച്ചുവെന്നാണോയെന്ന് ധനമന്ത്രി ചോദിച്ചു.
ബജറ്റ് പ്രസംഗത്തില്‍ ഒരു സംസ്ഥാനത്തിന്റെ പേര് പറഞ്ഞില്ലെന്ന് കരുതി, കേന്ദ്രസര്‍ക്കാരിന്റെ സഹായങ്ങള്‍ ആ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നാണോ ആര്‍ഥം? രണ്ടുസംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് ബജറ്റില്‍ നീക്കിയിരിപ്പ് ലഭിച്ചിട്ടുള്ളൂവെന്നും മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഒന്നും ലഭിച്ചിട്ടില്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള, കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ ബോധപൂര്‍വമായ ശ്രമമാണിത്. കോണ്‍ഗ്രസിന്റെ ബജറ്റ് പ്രസംഗങ്ങളില്‍ എല്ലാ സംസ്ഥാനങ്ങളുടേയും പേര് പറഞ്ഞിട്ടുണ്ടോയെന്ന് വ്യക്തമാക്കാന്‍ വെല്ലുവിളിക്കുകയാണ്. ആരോപണം അപലപനീയമാണെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
#WATCH | On Opposition’s protest against ‘discriminatory’ Budget, FM Nirmala Sitharaman in Rajya Sabha says,”…In every Budget, you don’t get an opportunity to name every state of this country…The Cabinet had taken a decision to set up a port on Vadavan. But Maharashtra’s name… pic.twitter.com/KSEATuMNpf
— ANI (@ANI) July 24, 2024
ധനമന്ത്രിയുടെ പ്രതികരണത്തിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ എം.പിമാരില്‍ ജോണ്‍ ബ്രിട്ടാസിനേയും പ്രിയങ്ക ചതുര്‍വേദിയേയും സഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍ പേരെടുത്ത് താക്കീത് ചെയ്തു. അതേസമയം, കസേര സംരക്ഷിക്കാനുള്ള ബജറ്റെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം, രാജ്യസഭയിലെ പ്രതിപക്ഷനേതാവായ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സഭയില്‍ ആവര്‍ത്തിച്ചു. ബജറ്റില്‍ അവഗണിക്കപ്പെട്ട സംസ്ഥാനങ്ങളുടെ പേരെടുത്ത് പറഞ്ഞായിരുന്ന ഖാര്‍ഗെയുടെ വിമര്‍ശനം. ഇതിന് പിന്നാലെയായിരുന്നു നിര്‍മല സീതാരാമന്റെ വിശദീകരണം. ലോക്‌സഭാ നടപടികളുടെ ആരംഭത്തില്‍ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കിയെങ്കിലും ചോദ്യോത്തരവേളയില്‍ സഹകരിച്ചു.