KeralaNews

സ്വയംചികിത്സ അരുത്, പക്ഷിമൃഗാദികൾ ഭക്ഷിച്ച പഴം കഴിക്കരുത്,കള്ള് കുടിയ്ക്കരുത്‌: നിപ്പയ്‌ക്കെതിരെ ജാഗ്രതാ നിർദേശം

കോഴിക്കോട് : ജില്ലയിൽ നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കോഴിക്കോട് നാലു പേർക്ക് നിപ്പ സ്ഥിരീകരിച്ചതായാണ് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചത്. മരിച്ച രണ്ടു പേർക്കും ചികിത്സയിലുള്ള രണ്ടു പേർക്കുമാണു രോഗബാധ. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സാംപിൾ പരിശോധനാഫലം കിട്ടിയതിനു പിന്നാലെയാണു നിപ്പയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ മന്ത്രി പങ്കുവച്ചത്.

ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദേശം:

∙ നിലവിലെ സാഹചര്യത്തിൽ ശാന്തത പുലർത്തണം. ആശങ്ക വേണ്ട. രോഗലക്ഷണങ്ങൾ ഉള്ളവർ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ പാലിക്കണം. സ്വയം വാഹനങ്ങളിൽ കയറി ചികിത്സയ്ക്കായും മറ്റ് ആവശ്യങ്ങൾക്കായും പോകരുത്.

∙  ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ സ്വയം ചികിത്സിക്കാതെ ആരോഗ്യവിദഗ്ധരുടെ നിർദേശങ്ങൾ പാലിക്കണം.

∙ ലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി അടുത്തിടപഴകാതിരിക്കാൻ ശ്രദ്ധിക്കണം.

∙ പക്ഷിമൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറലുള്ളതുമായ പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കരുത്.

∙ തുറന്നതും മൂടിവയ്ക്കാത്തതുമായ കലങ്ങളിൽ ശേഖരിച്ചിട്ടുള്ള കള്ളും മറ്റ് പാനീയങ്ങളും ഒഴിവാക്കണം.

∙. കിണർ അടക്കമുള്ള ജല സ്രോതസുകളിൽ വവ്വാലുകളുടെ കാഷ്ഠം, മൂത്രം, മറ്റ് ശരീര സ്രവങ്ങൾ എന്നിവ വീഴാതെ സുരക്ഷിതമായി സൂക്ഷിക്കണം.

∙ വളർത്തുമൃഗങ്ങളുടെ ശരീര സ്രവങ്ങൾ, വിസർജ്യ വസ്തുക്കൾ എന്നിവയുമായി സമ്പർക്കം ഉണ്ടാകാതെ സൂക്ഷിക്കണം.

∙ രോഗബാധിതരെ സുരക്ഷിത മാർഗങ്ങൾ അവലംബിച്ചു മാത്രമേ സന്ദർശിക്കാവൂ.

∙ രോഗി ഉപയോഗിച്ച വസ്ത്രങ്ങളും സാധന സാമഗ്രികളും അലക്ഷ്യമായി കൈകാര്യം ചെയ്യരുത്.

∙ രോഗികളെ പരിചരിക്കുന്നവർ മാസ്ക്, ഗ്ലൗസ് എന്നിവ ഉപയോഗിക്കണം.

∙  ഇടയ്ക്ക് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡിനടുത്ത് നന്നായി കഴുകണം. ഇത് ലഭ്യമല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. രോഗിയിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കണം

∙  മുയൽ, വവ്വാൽ, പന്നി മുതലായ മൃഗങ്ങളുമായി ഇടപഴകുമ്പോഴും എൻ 95 മാസ്ക് ഉപയോഗിക്കണം.

∙ രോഗി ഉപയോഗിക്കുന്ന വസ്തുക്കൾ വേർതിരിച്ചു സൂക്ഷിക്കുകയും വൃത്തിയാക്കുകയും ചെയ്യണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker