KeralaNews

വയനാട്ടിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം; കോഴിക്കോട്ടെ ഇൻക്യൂബേഷൻ പിരീഡ് നാളെ കഴിയുമെന്നും മന്ത്രി

തിരുവനന്തപുരം: വയനാട് ജില്ലയിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സുൽത്താൻബത്തേരി, മാനന്തവാടി മേഖകളിലാണ് നിപ വൈറസ് സാന്നിധ്യമുളള വവ്വാലുകൾ കൂടുതലുളളത്. ഐസിഎംആർ ഇത് സ്ഥിരീകരിച്ചു. നിപ വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ ഇൻക്യൂബേഷൻ പിരീഡ് നാളെ കഴിയുമെന്നും മന്ത്രി അറിയിച്ചു.

70 ശതമാനം വരെ മരണ നിരക്ക് കൂടുതലുള്ള പകർച്ച വ്യാധിയാണ് നിപ. അതിനെ 33 ശതമാനത്തിലേക്ക് എത്തിച്ച് നിയന്ത്രിക്കാനായി വേണ്ട നടപടികൾ ആദ്യമേ തന്നെ സ്വീകരിച്ചു. രോഗലക്ഷണങ്ങളുമായി വരുന്നവരെ പരിചരിക്കുന്നതിൽ ആരോഗ്യപ്രവർത്തനങ്ങൾക്ക് പരിശീലനം നൽകും. ഭയത്തിന്റെ ആവശ്യം ഇല്ല. പൊതുജാഗ്രത വേണം. പൊതു ജാഗ്രതയുടെ ഭാഗമായാണ് ഐസിഎംആർ ഇക്കാര്യം അറിയിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് ജാഗ്രത സ്വീകരിക്കുന്നുവെന്നു മാത്രം. കോഴിക്കോട് ജില്ലയ്ക്ക് മാത്രമായി എസ്ഒപി തയ്യാറാക്കി. കോഴിക്കോട് മെഡിക്കൽ കോളജിൽ കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ച് നാളെ മുതൽ പ്രവർത്തനമാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

നിയമനത്തട്ടിപ്പ് വിവാദത്തിൽ അന്വേഷണം കഴിഞ്ഞ ശേഷം പ്രതികരിക്കുമെന്നും മന്ത്രി ആവർത്തിച്ചു. 108 ആംബുലൻസ് സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന വാർത്തയോടും മന്ത്രി പ്രതികരിച്ചു. സെപ്റ്റംബർ മാസത്തെ ശമ്പളമാണ് മുടങ്ങിയത്. അത് ഉടൻ നൽകും. 108 ആംബുലൻസ് നടത്തുന്ന ഏജൻസി പരാതി ഒന്നും അറിയിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ആരോ​ഗ്യമന്ത്രി വിമർശിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവ് കാര്യങ്ങൾ അറിയാതെ പ്രതികരിക്കുകയാണ്. പ്രതിപക്ഷ നേതാവിന് ചേരുന്ന തരത്തിൽ അല്ല കാര്യങ്ങൾ പറയുന്നത്. മെഡിക്കൽ സർവീസ് കോർപ്പറേഷൻ ആരോപണത്തിൽ സിഎജിക്ക് മറുപടി നൽകും. കാലഹരണപ്പെട്ട മരുന്നുകൾ ആശുപത്രികൾ നൽകുന്നില്ല. പ്രതിപക്ഷ നേതാവ് ഇങ്ങനെയുള്ള കാര്യങ്ങൾ പറയാൻ പാടില്ല. ആളുകളിൽ ഭയമുണ്ടാക്കുന്നതാണ് ഇത്തരം പ്രസ്താവനകളെന്നും വീണാ ജോർജ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker