നിലമ്പൂര്‍: നാട്ടുകാര്‍ക്ക് ശല്യമായതോടെ പിടികൂടി കൂട്ടിലിട്ടതാണ് ഇവനെ, എന്നാല്‍ മൂന്ന് നേരത്തെ സുഭിക്ഷ ഭക്ഷണം മാത്രം പോര. ഇടക്ക് നല്ല പൊറോട്ടയും കിട്ടണം. നാട്ടുകാര്‍ക്ക് ശല്യമായതിനെ തുടര്‍ന്ന് പിടികൂടി കൂട്ടിലടച്ച കരിങ്കുരങ്ങിനാണ് ഈ സുഖവാസം. ഈ സുഖവാസംകൊണ്ട് കുടുങ്ങിയതാകട്ടെ വനപാലകരും. നെല്ലിക്കുത്ത് വനമേഖല പരിസരത്ത് നിന്ന് പിടികൂടിയ കരിങ്കുരങ്ങ് (Nilgiri langur) നിലമ്പൂര്‍ ആര്‍ ആര്‍ ടി ഓഫീസ് പരിസരത്തെ കൂട്ടില്‍ വനപാലകരുടെ സംരക്ഷണത്തില്‍ കഴിയുകയാണ്.
നിരവധി തവണ വിവിധ വനമേഖലയില്‍ വിട്ട കരിങ്കുരങ്ങിനെ സുരക്ഷിത സ്ഥലത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ് വനപാലകര്‍. നെല്ലിക്കുത്ത് വനമേഖലയോട് ചേര്‍ന്ന ഭാഗങ്ങളില്‍ പ്രദേശവാസികള്‍ക്ക് ശല്യകാരനായിരുന്ന ഇതിടെ നാട്ടുകാരുടെ ആവശ്യപ്രകാരമാണ് വനം ആര്‍ ആര്‍ ടി വിഭാഗം പിടികൂടി നിലമ്പൂരിലെ ഓഫീസ് പരിസരത്തെ കൂട്ടിലാക്കിയത്.
പീന്നീട് പടുക്ക വനമേഖലയില്‍ രണ്ട് പ്രാവിശ്യം കയറ്റി വിട്ടെങ്കിലും ഇവന്‍ ജനവാസ കേന്ദ്രത്തിലേക്ക് എത്തുകയും ജനങ്ങള്‍ക്ക് ശല്യകാരനാവുകയും ചെയ്യതതോടെ പിടികൂടി വീണ്ടും ഓഫീസ് പരിസരത്തെ കൂട്ടിലാക്കി. തുടര്‍ന്ന് മൂന്ന് തവണയായി ചേരംമ്പാടി വനമേഖലയിലും നാടുകാണി ചുരത്തിലും കക്കാടംപൊയില്‍ വനമേഖലയിലും വിട്ടെങ്കിലും ശല്യകാരനായ കുരങ്ങ് വീടുകളില്‍ കയറി സാധനങ്ങള്‍ നശിപ്പിച്ചതോടെയാണ് വനപാലകര്‍ വീണ്ടും ആര്‍ ആര്‍ ടി ഓഫീസ് പരിസരത്ത് എത്തിച്ചത്.
പൊതുവില്‍ കരിങ്കുരങ്ങ് ജനങ്ങളോട് അടുക്കില്ലെന്ന് പറയുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ കഴിയാനാണ് ഈ കരിംകുരങ്ങിന് ഇഷ്ടം. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാവാത്തനിലയില്‍ സുരക്ഷിതമായ സ്ഥലത്ത് കരിങ്കുരങ്ങിനെ വിട്ടുനല്‍കാന്‍ കത്ത് നല്‍കി കാത്തിരിക്കുകയാണ് ആര്‍ ആര്‍ ടിയിലെ വനപാലകര്‍. നടപടികള്‍ പൂര്‍ത്തികരിച്ച് മൃഗശാലകള്‍ക്കോ ജന്തുശാസ്ത്ര വിഭാഗത്തിനോ കൈമാറാനും ശ്രമം നടക്കുന്നുണ്ട്.