കൊച്ചി:കളമശ്ശേരിയ്ക്കും ഇടപ്പള്ളിയ്ക്കും മദ്ധ്യേ ട്രാക്ക് നവീകരണ പ്രവർത്തനം നടക്കുന്നതിനാൽ ചെന്നൈ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, കന്യാകുമാരി, മലബാർ, മാവേലി എക്സ്പ്രസ്സ്, ജയന്തി എക്സ്പ്രസ്സ് തുടങ്ങിയ ട്രെയിനുകൾ 15 മിനിറ്റ് വൈകുമെന്ന് റെയിൽവേ അറിയിച്ചിരുന്നു. അതുപോലെ തന്നെ പിറവം റോഡിനും വൈക്കം റോഡിനും മദ്ധ്യേ ഗിർഡർ മാറ്റുന്ന ജോലികൾ പുരോഗമിക്കുന്നതിനാൽ ഗാന്ധിധാം എക്സ്പ്രസ്സ്, അമൃത എക്സ്പ്രസ്സ്, രാജാറാണി എക്സ്പ്രസ്സ് എന്നിവ വൈകുമെന്നും അറിയിച്ചിരുന്നു. പക്ഷേ രാത്രി 08 20 ന് എറണാകുളത്ത് നിന്നും എടുക്കുന്ന നിലമ്പൂർ – കോട്ടയം പാസഞ്ചർ വൈകുമെന്നോ റദ്ദാക്കുമെന്നോ യാതൊരു സൂചനയും ലഭിക്കാതിരുന്നതിനാൽ യാത്രക്കാർക്ക് എട്ടിന്റെ പണിയാണ് ലഭിച്ചത്.
കച്ചവട കേന്ദ്രങ്ങളിൽ ജോലിചെയ്യുന്ന സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ട്രെയിനാണ് നിലമ്പൂർ – കോട്ടയം പാസഞ്ചർ. രാത്രി 08 00 ന് ഷിഫ്റ്റ് കഴിഞ്ഞ് ഇറങ്ങുന്ന IT മേഖലയിലെ ജീവനക്കാർ, തുണിക്കടയിലെ സ്ത്രീ തൊഴിലാളികൾ അങ്ങനെ നിരവധി യാത്രക്കാർ രാത്രി സ്റ്റേഷനിൽ എത്തിയ ശേഷമാണ് വാർത്ത അറിയുന്നത്. എറണാകുളം ടൗൺ സ്റ്റേഷനിൽ നിന്നും വൈറ്റില ഹബ്ബിൽ എത്തിയ ശേഷം ബസ് പിടിക്കേണ്ടതിനാൽ വിധിയെ പഴിച്ച് പലരും പരക്കം പായുകയാണുണ്ടായത്. യാത്രക്കാരോടുള്ള റെയിൽവേയുടെ അവഗണനയ്ക്ക് അടിവരയിടുകയാണ് ഇന്നത്തെ സംഭവം.
രാത്രി വൈകി കോട്ടയത്തേക്ക് മറ്റു ട്രെയിനുകൾ ഇല്ലാത്ത സാഹചര്യത്തിൽ പലർക്കും ഇപ്പോഴത്തെ സമയത്ത് പോലും എത്തിപ്പെടാൻ കഴിയാത്തതിനാൽ 08 40 എന്ന പഴയ സമയമാക്കി പുനഃക്രമീകരിക്കണം എന്ന ശക്തമായ ആവശ്യം നിലനിൽക്കുമ്പോൾ ഓടി പാഞ്ഞ് ട്രെയിൻ പിടിക്കാൻ സ്റ്റേഷനിലെത്തിയവരുടെ വികാരം മനസ്സിലാക്കാവുന്നതേ ഉള്ളു.