ടോണ്‍ടന്‍: ലോക കപ്പ് ക്രിക്കറ്റിലെ കറുത്ത കുതിരകളാകുമെന്ന് കരുതിയ അഫ്ഗാനിസ്ഥാനെ മലർത്തിയടിച്ച് കരുത്തരായ ന്യൂസിലാൻഡ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ആദ്യ ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് 41.1 ഓവറിൽ 172 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസ് 32.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
ഓപ്പണര്‍മാരായ ഹസ്രത്തുള്ളഹ് സസയി (28 പന്തില്‍ 34) , നൂര്‍ അലി (38 പന്തില്‍ 31) എന്നിവർ അഫ്ഗാന് ഭേദപ്പെട്ട തുടക്കം നല്‍കി. ശഹ് മത്തുള്ള ശഹിദി 99 പന്തില്‍ 59 റണ്‍സുമായി പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചതൊഴിച്ചാല്‍ മറ്റ് ബറ്റ്സ്മാമാൻമാർക്ക് കാര്യമായ സംഭാവന നൽകാാനായില്ല.
ന്യൂസിലാന്‍റ് ബോളിങ് നിരയില്‍ ജെയിംസ് നീഷാം 31 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. നീഷാമാണ് കളിയിലെ താരം. പിന്നാലെ ലോക്കി ഫെര്‍ഗൂസണ്‍ 37 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളും നേടി .
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാൻഡിന് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്ടിലിനെ നേരിട്ട ആദ്യ പന്തില്‍ നഷ്ടമായി. 24 പന്തില്‍ 22 റണ്‍സെടുത്ത് കോലിന്‍ മുന്‍റോയും പെട്ടെന്ന് മടങ്ങിയെങ്കിലും മൂന്നാമനായി എത്തിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ആറ് ഫോറും ഒരു സിക്സറും പറത്തി 79 റണ്‍സെടുത്ത് പുറത്താകാതെ ടീമിനെ വിജയത്തിലെത്തിച്ചു.
52 പന്തില്‍ 48 റണ്‍സെടുത്ത് മുന‍്‍റോയ്ക്ക് പിന്നാലെ റോസ് ടെയ്‍ലറും പുറത്തായി. വിക്കറ്റ് കീപ്പര്‍ ടോം ലാദത്തിനെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ ടീമിനെ വിജയത്തിലെത്തിച്ചു.
വ്യാഴാഴ്ച ഇന്ത്യയാണ് കീവീസിന്‍റെ എതിരാളികള്‍. ഇന്ത്യയുടെ അടുത്ത എതിരാളി നാളെ ഓസ്ട്രേലിയയാണ്. കെന്നിങ്ടണിലാണ് പോരാട്ടം.