ന്യൂഡല്‍ഹി: കേരളത്തില്‍ ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന് പ്രവചിച്ച് ന്യൂസ് 18 സര്‍വേ ഫലം. രണ്ട് സീറ്റ് ബിജെപിക്കും യു.ഡി.എഫിന് 14, എല്‍.ഡി.എഫ് നാല് എന്നിങ്ങനെയും ലഭിക്കുമെന്നാണ് പുറത്തുവന്ന സര്‍വേ ഫലം. രാജ്യത്തെ 21 പ്രധാന സംസ്ഥാനങ്ങളിലെ 518 സീറ്റുകളിലെ സര്‍വേ ഫലമാണ് ബുധനാഴ്ചയും വ്യാഴാഴ്ചയുമായി ന്യൂസ് 18 പുറത്തുവിടുന്നത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റായിരുന്നു കേരളത്തില്‍ യു.ഡി.എഫിന് ലഭിച്ചത്. ഇതാണ് 14-ലേക്ക് ചുരുങ്ങുന്നത്. ഒരു സീറ്റില്‍ മാത്രം ഒതുങ്ങിയ എല്‍.ഡി.എഫ് നാല് സീറ്റിലേക്ക് എത്തുമെന്നും സർവേ പറയുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ബിജെപിയുടെ നേട്ടം.
കേരളത്തില്‍ എന്‍.ഡി.എക്ക് 18 ശതമാനംവോട്ട് ലഭിക്കുമെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. യു.ഡി.എഫ് 47 ശതമാനം വോട്ട് നേടുമ്പോള്‍ എല്‍.ഡി.എഫ് 35 ശതമാനം വോട്ടുകളില്‍ ഒതുങ്ങുമെന്നും ഫലം വ്യക്തമാക്കുന്നു. രാജ്യത്തെ 1,18,616-ല്‍ അധികം പേരില്‍ നടത്തിയ സര്‍വേ ആധാരമാക്കിയാണ് ഫലം തയ്യാറാക്കിയിരിക്കുന്നതെന്നാണ് ന്യൂസ് 18 അവകാശപ്പെടുന്നത്. ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും ഏതെല്ലാം മണ്ഡലമായിരിക്കുമെന്നത് സംബന്ധിച്ച വിവരം ഇല്ല.
കഴിഞ്ഞ ദിവസം പുറത്തുവന്ന എ.ബി.പി ന്യൂസ് സി വോട്ടര്‍ അഭിപ്രായ സര്‍വേയില്‍ യു.ഡി.എഫ് 20 സീറ്റും നേടുമെന്നായിരുന്നു പ്രവചനം. ബിജെപിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാനാവില്ലെന്നും ഈ സർവേ പ്രവചിച്ചിരുന്നു. യു.ഡി.എഫ് 44.5 ശതമാനം വോട്ട് നേടുമ്പോള്‍ എല്‍.ഡി.എഫിന് 31.4 ശതമാനം വോട്ട് ലഭിക്കുമെന്നും എന്‍.ഡി.എയ്ക്ക് 18 ശതമാനം വോട്ട് ലഭിക്കുമെന്നുമായിരുന്നു പ്രവചനം.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുമുന്നേറ്റമെന്നായിരുന്നു ന്യൂസ് 18- ഐ പി എസ് ഒ എസ് എക്‌സിറ്റ് പോള്‍ പ്രവചനം. 11-13 സീറ്റുകള്‍ എല്‍ഡിഎഫ് നേടുമെന്നാണ് പ്രവചനം.
യുഡിഎഫ് ഏഴു മുതല്‍ ഒമ്പത് സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. ബിജെപി അക്കൗണ്ട് തുറന്നേക്കുമെന്നും സര്‍വേയില്‍ വ്യക്തമാക്കി എല്‍ഡിഎഫിന് ലഭിക്കുന്ന 11-13 സീറ്റുകളെല്ലാം സിപിഎമ്മിന് ലഭിക്കുമെന്നായിരുന്നു. പ്രവചനം. യുഡിഎഫില്‍ നാലു മുതല്‍ ആറ് സീറ്റ് വരെ കോണ്‍ഗ്രസിനും രണ്ട് സീറ്റുകള്‍ വരെ മുസ്ലീം ലീഗിനും ഒരു സീറ്റ് ആര്‍.എസ്.പിക്കും ലഭിക്കുമെന്നായിരുന്നു സര്‍വ്വേയില്‍ തെളിഞ്ഞത്.
എന്നാല്‍ തെരഞ്ഞെടുപ്പില്‍ 20 ല്‍ 19 സീറ്റ് നേടി യു.ഡി.എഫ് കേരളം തൂത്തുവാരിയിരുന്നു.ബി.ജെ.പിയ്ക്ക് അക്കൗണ്ട് തുറക്കാനുമായില്ല.2014ല്‍ കേരളത്തില്‍ യുഡിഎഫിന് 12 സീറ്റും എല്‍ഡിഎഫിന് എട്ട് സീറ്റുകളുമാണ് ലഭിച്ചത്.