ന്യൂയോർക്ക് ടൈംസ് പട്ടികയിൽ ‘നൻപകൽ നേരത്ത് മയക്കം’; ഇന്ത്യയിൽ നിന്നുള്ള ഏക സിനിമ
മുംബൈ:സമീപകാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഒന്നാകെ അമ്പരപ്പിക്കുക ആണ് നടൻ മമ്മൂട്ടി. അതുകൊണ്ട് തന്നെയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കത്തെ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തത്. തിയറ്ററിൽ ഗംഭീര പ്രതികരണം നേടിയ ചിത്രം ഒടിടിയിലും മികച്ച അഭിപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ ന്യൂയോർക്ക് ടൈംസിന്റെ ഈ മാസത്തെ പ്രധാനപ്പെട്ട അഞ്ച് അന്താരാഷ്ട്ര ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് ചിത്രം.
പട്ടികയിൽ ആദ്യ സ്ഥാനമാണ് ‘നൻപകൽ നേരത്ത് മയക്കം’ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് ന്യൂയോർക്ക് ടൈംസിൻ്റെ പട്ടികയിൽ സ്ഥാനം നേടിയ ഏക ചിത്രം കൂടിയാണ് ഇത്. ഫ്രഞ്ച് ചിത്രം ജുംബോ (Jumbo), എ ഹ്യൂമൻ പൊസിഷൻ, Domestique, ദ ഷോ എന്നിവയാണ് മറ്റ് ചിത്രങ്ങൾ.
മമ്മൂട്ടി കമ്പനി എന്ന പേരില്‍ താന്‍ പുതുതായി ആരംഭിച്ച നിര്‍മ്മാണ കമ്പനിയിലൂടെ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമ, തമിഴ് ഗ്രാമീണനായ സുന്ദരം എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളാണ് മമ്മൂട്ടി സിനിമയിൽ എത്തിയത്. ഫെബ്രുവരി 23 മുതലാണ് നന്‍പകല്‍ നേരത്ത് മയക്കം നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. പിന്നാലെ നിരവധി പേരാണ് ചിത്രത്തെയും മമ്മൂട്ടിയുടെ അഭിനയത്തെയും പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയത്.
ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം വിതരണം ചെയ്‍തത്. മമ്മൂട്ടിക്ക് പുറമേ അശോകൻ, രമ്യാ പാണ്ഡ്യൻ, കൈനകരി തങ്കരാജ്, ടി സുരേഷ് ബാബു, ചേതൻ ജയലാല്‍, അശ്വത് അശോക്‍കുമാര്‍, സഞ്‍ജന ദിപു തുടങ്ങിയ നിരവധി താരങ്ങളും വേഷമിട്ട ചിത്രം ആഘോഷപൂര്‍വമായിരുന്നു സ്വീകരിക്കപ്പെട്ടിരുന്നത്. എസ് ഹരീഷിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ.