KeralaNews

900 കിലോമീറ്റർ പാത, എട്ട് പുതിയ റെയിൽ പാതകൾക്ക് അനുമതി,24,657 കോടിയുടെ വമ്പൻ പദ്ധതികൾ; കേരളം പട്ടികയിലില്ല

ന്യൂഡൽഹി: രാജ്യത്ത് 900 കിലോമീറ്റർ പുതിയ റെയിൽപാതയ്ക്ക് അനുമതി. 24,657 കോടിയുടെ പുതിയ പദ്ധതികൾക്കാണ് കേന്ദ്ര മന്ത്രിസഭ  അംഗീകാരം നൽകിയത്. ഏഴ് സംസ്ഥാനങ്ങളിലെ എട്ട് പാതകൾക്കാണ് അനുമതി.

കേരളത്തിലൂടെയുള്ള പാതകൾ പട്ടികയിലില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റിയാണ് എട്ട് റെയിൽവേ പദ്ധതികൾക്ക് അംഗീകാരം നൽകിയത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. 

ഒഡീഷ, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, ജാർഖണ്ഡ്, ബിഹാർ, തെലങ്കാന, പശ്ചിമ ബംഗാൾ എന്നീ ഏഴ് സംസ്ഥാനങ്ങളിലെ 14 ജില്ലകളിലൂടെയാണ് പാത കടന്നുപോവുക. ഈ പദ്ധതികൾക്കൊപ്പം 64 പുതിയ സ്റ്റേഷനുകൾ നിർമ്മിക്കും.

ഇതിലൂടെ കിഴക്കൻ സിംഗ്ബം, ഭദാദ്രി കോതഗുഡെം, മൽക്കൻഗിരി, കലഹണ്ടി, നബരംഗ്പൂർ, രായഗഡ തുടങ്ങിയ ജില്ലകളിലെ  510 ഗ്രാമങ്ങളിലെ 40 ലക്ഷത്തോളം ജനങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്ന് റെയിൽവേ മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 

പുതിയ എട്ട് റെയിൽവേ ലൈനുകളിൽ കൂടുതലും ഒഡീഷയിൽ ആണ്. ഗുണുപൂർ – തെരുബാലി, ജുനഗർ-നബ്രംഗ്പൂർ, ബദാംപഹാർ – കന്ദുജാർഗഡ്, ബംഗ്രിപോസി – ഗോരുമാഹിസാനി എന്നിവ ഒഡീഷയിലാണ്. മൽക്കൻഗിരി – പാണ്ഡുരംഗപുരം (ഭദ്രാചലം വഴി) പാത ഒഡീഷ, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു.

ബുരാമറയ്ക്കും ചകുലിയയ്ക്കും ഇടയിലുള്ള റെയിൽവേ ലൈൻ ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു. ജൽന – ജൽഗാവ് പാത മഹാരാഷ്ട്രയിലും ബിക്രംശില – കതാരേഹ് റെയിൽ പാത ബിഹാറിലുമാണ്.

കാർഷികോൽപ്പന്നങ്ങൾ, വളം, കൽക്കരി, ഇരുമ്പയിര്, സ്റ്റീൽ, സിമന്‍റ്, ബോക്‌സൈറ്റ്, ചുണ്ണാമ്പുകല്ല്, അലുമിനിയം പൌഡർ തുടങ്ങിയ ചരക്കുനീക്കത്തിന് അവശ്യ പാതകളാണിവയെന്ന് സർക്കാർ അറിയിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker