കോഴിക്കോട്: എംഎസ്എഫ് വിദ്യാർഥിനി വിഭാഗമായിരുന്ന ‘ഹരിത’ യുടെ നേതാക്കൾക്കെതിരായ സംഘടനാ നടപടി മരവിപ്പിച്ച് പുതിയ പദവികൾ നൽകാൻ തീരുമാനം. ഫാത്തിമ തഹ്‌ലിയയെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായി നോമിനേറ്റ് ചെയ്തു. യൂത്ത് ലീഗ് നേതൃസ്ഥാനത്തേക്ക് ആദ്യമായിട്ടാണ് ഒരു വനിതയെത്തുന്നത്.
മുഫീദ തസ്‌നിയെ ദേശീയ വൈസ് പ്രസിഡന്റായും നജ്മ തബ്ഷീറയെ ദേശീയ സെക്രട്ടറിയായും നിയമിച്ചു. ഹരിതയുടെ മുന്‍ സംസ്ഥാന അധ്യക്ഷയും എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റുമായിരുന്നു ഫാത്തിമ തഹലിയ. നജ്മയും മുഫീദ തസ്‌നിയും മുന്‍ സംസ്ഥാന ഹരിത ഭാരവാഹികളായിരുന്നു.
ഹരിത വിവാദത്തില്‍ വിദ്യാര്‍ഥിനികള്‍ക്കൊപ്പം നിന്നതിന് നടപടി നേരിട്ട എംഎസ്എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരിനെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റായും നിയമിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ലത്തീഫ് തുറയൂരിനെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് തിരിച്ചെടുത്തത്. ഹരിത വിഷയത്തിൽ സമാന നടപടി നേരിട്ട ആശിഖ് ചെലവൂരിനെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റാക്കും.