കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുൽ പി ഗോപാലിനെ കണ്ടെത്താനായി റെഡ് കോർണർ നോട്ടീസ് പുറത്തിറക്കും. ഇതിനായി ക്രെെംബ്രാഞ്ച് എഡിജിപി അപേക്ഷ നൽകിയിട്ടുണ്ട്. സിബിഐ ഡയറക്ടർക്കാണ് അപേക്ഷ നൽകിയത്. വ്യാഴാഴ്ച അപേക്ഷ ഇന്റർപോളിന് കെെമാറുമെന്നാണ് വിവരം.
ഗാർഹിക പീഡനക്കേസിന് പിന്നാലെ രാഹുൽ ജർമനിയിലേക്ക് കടന്നിരുന്നു. രാഹുലിനെ കണ്ടെത്താനായി നേരത്തെ ഇന്റർപോൾ മുഖേന പൊലീസ് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെയാണ് പുതിയ നീക്കം. രണ്ടു ദിവസത്തിനകം റിപ്പോർട്ട് ഫ്രാൻസിലെ ഇന്റർപോൾ ആസ്ഥാനത്ത് എത്തിക്കും. ഈ റിപ്പോർട്ടിൽ സംസ്ഥാന ആഭ്യന്തര വകുപ്പിന് വിശദമറുപടി ലഭിച്ച ശേഷമേ പ്രതിക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കൂ.
രാഹുൽ ജർമനിയിലേക്ക് കടന്നെന്ന് മുൻപ് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചിരുന്നു. കൂടാതെ രാഹുൽ ജർമനിയിലെത്തിയെന്ന് സുഹൃത്ത് രാജേഷും മൊഴി നൽകിയിട്ടുണ്ട്. ബംഗളൂരു വഴി വിദേശ രാജ്യത്തേക്ക് പോയതായി സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. രാഹുലിന് രക്ഷപ്പെടാൻ അവസരമൊരുക്കിയ സീനിയർ സിവിൽ പൊലീസ് ഓഫീസർ ശരത് ലാലിനെ അധികൃതർ സസ്‌പെൻഡുചെയ്തിട്ടുണ്ട്. പ്രതിയെ രാജ്യം വിടാൻ സഹായിച്ചത് ഇയാളാണെന്ന് വ്യക്തമായ സ്ഥിതിക്കാണ് നടപടി. സംഭവദിവസം ഇയാൾ പന്തീരങ്കാവ് സ്റ്റേഷനിലെ ജി ഡി ഡ്യൂട്ടിയിലായിരുന്നു.
കൊലപാതക ശ്രമ കുറ്റം ചുമത്താനുള്ള നീക്കം ശരത്‌ലാൽ രാഹുലിനെ അറിയിക്കുകയായിരുന്നു. പാെലീസിനെ വെട്ടിച്ച് ചെക്‌പോസ്റ്റ് കടക്കാനും ഇയാൾ രാഹുലിനെയും രാജേഷിനെയും സഹായിച്ചെന്നും അന്വേഷണത്തിൽ വ്യക്തമായെന്നാണ് റിപ്പോർട്ട്. ബംഗളൂരുവിലേക്ക് പോകുന്ന വഴി ഇരുവരുമായി ശരത്‌ലാൽ കൂട്ടിക്കാഴ്ച നടത്തിയെന്നും വ്യക്തമായിട്ടുണ്ട്. ഇയാളുടെ കോൾ റെക്കോഡുകൾ അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്.പന്തീരങ്കാവ് പൊലീസിൽ നിന്ന് പ്രതിയ്ക്ക് വഴിവിട്ട സഹായം ലഭിച്ചെന്ന് യുവതിയും വീട്ടുകാരും നേരത്തേ ആരോപിച്ചിരുന്നു. ശരത്‌ലാലിനെതിരെ വകുപ്പുതല അന്വേഷണം തുടങ്ങിയിട്ടുണ്ട്.
രാഹുലിന്റെ അമ്മയും കേസിലെ രണ്ടാം പ്രതിയുമായ ഉഷാകുമാരി, രാഹുലിന്റെ സഹോദരിയും മൂന്നാം പ്രതിയുമായി കാർത്തിക എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി എസ് മുരളീകൃഷ്ണ 27 ലേക്ക് മാറ്റി. പൊലീസ് റിപ്പോർട്ട് നൽകാൻ കൂടുതൽ സമയം വേണമെന്നുള്ള പ്രോസിക്യൂഷന്റെ ആവശ്യത്തെ തുടർന്നാണ് ഹർജി മാറ്റിയത്.
മേയ് അഞ്ചിന് ഗുരുവായൂരിൽ വച്ചായിരുന്നു രാഹുലിന്റെയും കൊച്ചി സ്വദേശിനിയുടെയും വിവാഹം. പതിനൊന്നിനാണ് യുവതിയെ പ്രതി ക്രൂരമായി മർദിച്ചത്. രാഹുൽ കോട്ടയം സ്വദേശിയാണ്. കോഴിക്കോട് താമസിക്കാൻ തുടങ്ങിയിട്ട് അധികനാളായിട്ടില്ലെന്നാണ് വിവരം.