മനാമ: മുംബൈയില്‍ നിന്ന് ബഹ്റൈനിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് തുടക്കം കുറിച്ച് ഇന്റിഗോ. ഉദ്ഘാടന സര്‍വീസായി ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ വിമാനത്തിന്, ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി ഗംഭീര സ്വീകരണമൊരുക്കി. റണ്‍വേയില്‍ നിന്ന് ടെര്‍മിനലിലേക്ക് വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് വിമാനത്തെ ആനയിച്ചത്.
ആദ്യ വിമാനത്തിലെ യാത്രക്കാരെ ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനിയുടെയും ഇന്റിഗോയുടെയും വേള്‍ഡ് ട്രാവല്‍ സര്‍വീസസിന്റെയും പ്രതിനിധികള്‍ ചേര്‍ന്ന് സ്വീകരിച്ചു. ‘പുതിയ പാസഞ്ചര്‍ ടെര്‍മിനല്‍ തുറന്നതോടെ കൂടുതല്‍ വിമാനക്കമ്പനികളെ സ്വീകരിക്കാന്‍ തങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞതായി’ ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി ചീഫ് കൊമേഴ്‍സ്യല്‍ ഓഫീസര്‍ അയ്‍മന്‍ സൈനല്‍ പറഞ്ഞു. ലോകത്തിലെ വിവിധ നഗരങ്ങളുമായി ബഹ്റൈനെ ബന്ധിപ്പിക്കുന്ന പുതിയ റൂട്ടുകള്‍ ആരംഭിക്കാന്‍ തങ്ങളുടെ പങ്കാളികളുമായി ചേര്‍ന്ന് ഒരുക്കങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇന്റിഗോയുടെ പുതിയ സര്‍വീസിന് സാധിക്കും. വ്യാപാര ആവശ്യങ്ങള്‍ക്കും വിനോദ യാത്രകള്‍ക്കും ഉള്‍പ്പെടെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ സര്‍വീസ് കൂടുതല്‍ സൗകര്യപ്രദമായിരിക്കുമെന്നും അയ്‍മന്‍ സൈനല്‍ പറഞ്ഞു. അതേസമയം തങ്ങളുടെ 25-ാമത്തെ അന്താരാഷ്‍ട്ര ഡെസ്റ്റിനേഷനായി മാറിയതായി ഇന്റിഗോ ചീഫ് സ്ട്രാറ്റജി ആന്റ് റവന്യൂ ഓഫീസര്‍ സഞ്ജയ് കുമാര്‍ പറഞ്ഞു.
ഇൻഡിഗോ എയർലൈൻസ് നടപ്പ് സാമ്പത്തിക വർഷം വരുമാനത്തിൽ വൻ നേട്ടം കൈവരിച്ചതായി റിപ്പോർട്ട്. ആദ്യപാദ റിപ്പോർട്ട് പ്രഖ്യാപിക്കാൻ മണിക്കൂറുകൾ അവശേഷിക്കെ, കമ്പനിയുടെ വരുമാനം പതിനായിരം കോടി കടന്നതായാണ് സൂചന. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച നേട്ടമാണ് ഇത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കൊറോണയുടെ ഡെൽറ്റ വ്യാപനം രൂക്ഷമായിരുന്നതിനാൽ അത്യാവശ്യ ഘട്ടങ്ങളിലേക്ക് മാത്രമായി വ്യോമ ഗതാഗതം നിയന്ത്രിക്കപ്പെട്ടിരുന്നു. ഇതിന്റെ ഫലമായി കമ്പനി വലിയ നഷ്ടം നേരിട്ടിരുന്നു. കൊറോണ വ്യാപനം മൂലം പ്രവർത്തനം നിർത്തി വെച്ചതിനാൽ 2020 സാമ്പത്തിക വർഷത്തിലും കമ്പനി നഷ്ടത്തിലായിരുന്നു.
കഴിഞ്ഞ പാദത്തേക്കാൾ വിപണി വിഹിതത്തിൽ കമ്പനിക്ക് 2.5 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിരുന്നു. കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 37.8 ശതമാനമാണ് വർദ്ധനവ് രേഖപ്പെടുത്തിയത്. ലോക്ക്ഡൗണിന് ശേഷമുള്ള ഏറ്റവും മികച്ച പ്രകടനമാണ് ഇൻഡിഗോ ഈ പാദത്തിൽ നടത്തിയിരിക്കുന്നത്.