തൃശൂര്‍: നാട്ടാന പരിപാലന ചട്ടപ്രകാരം ക്ഷേത്രങ്ങളില്‍ ആനകളെ ഉപയോഗിക്കുന്നത് സംബന്ധിച്ച് സോഷ്യല്‍ ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ഡിവിഷന്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങളിറക്കി. കേരള നാട്ടാന പരിപാലന ചട്ടപ്രകാരമുള്ള ജില്ലാ മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കൊവിഡ് സാഹചര്യങ്ങളില്‍ ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി മാത്രം തിടമ്ബ് എഴുന്നള്ളിക്കുന്നതിന് ഒരാനയെ മതില്‍ക്കെട്ടിനു പുറത്ത് എഴുന്നള്ളിക്കാം. ഇത്തരം സാഹചര്യങ്ങളില്‍ ആനയോടൊപ്പം നാമമാത്രമായ വാദ്യങ്ങളും അതോടൊപ്പം 15 ആളുകളെയും മാത്രമേ അനുവദിക്കൂ.
എഴുന്നുള്ളത്ത് വഴിയില്‍ ആനയെ നിര്‍ത്തി കൊടുക്കുന്നതോ മറ്റു സ്വീകരണ പരിപാടികള്‍ നടത്തുന്നതിനോ അനുവാദമില്ല. വിവിധ ദേശങ്ങളിലെ ഉത്സവങ്ങള്‍ക്ക് ഒരു ആനയെ മാത്രം ഉപയോഗിക്കാതെ മറ്റുള്ള ആനകള്‍ക്കും ചടങ്ങുകള്‍ ലഭിക്കുന്ന വിധത്തില്‍ മാറ്റി എടുക്കണം. നിലവിലെ സാഹചര്യത്തില്‍ ക്ഷേത്രങ്ങളില്‍ ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കാനും ആചാരപരമായി മാത്രം ഉത്സവങ്ങള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനു നല്‍കിയിട്ടുള്ള ഇളവുകള്‍ ഉത്സവത്തിന് അനുവദനീയമല്ല.
നാട്ടാന പരിപാലന ചട്ടപ്രകാരമുള്ള നിയന്ത്രണങ്ങളോടൊപ്പം കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു വേണം ക്ഷേത്രങ്ങളില്‍ ആനകളെ എഴുന്നള്ളിക്കാന്‍. ആചാരപരമായ കാര്യങ്ങള്‍ ക്ഷേത്രങ്ങള്‍ക്ക് അനുസരിച്ചും ദൂരപരിധിയിലും വ്യത്യസ്തമാണ്. അതിനാല്‍ ഇക്കാര്യങ്ങളില്‍ അതാത് സ്ഥലങ്ങളിലെ പൊലീസ് വിഭാഗമാണ് നിയന്ത്രണങ്ങളെ കുറിച്ച് വിലയിരുത്തുക. യോഗത്തില്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍ ആദിത്യ, റൂറല്‍ എസ്.പി ആര്‍. വിശ്വനാഥ്, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ഓഫീസര്‍ പി.എം പ്രഭു, ജില്ലാ വെറ്റിനറി ഓഫീസര്‍മാരായ ഡോ. എന്‍. ഉഷാറാണി, ഡോ. പി.ബി ഗിരിദാസ്, എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷന്‍ എന്നിവര്‍ പങ്കെടുത്തു.