KeralaNews

ആലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവുമോ?തുറന്ന് പറഞ്ഞ് നടന്‍ സിദ്ധിഖ്‌

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന പ്രചാരണങ്ങള്‍ പൂര്‍ണ്ണമായും തള്ളി നടന്‍ സിദ്ദിഖ്. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം സിദ്ദിഖിനെ സമീപിച്ചുവെന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഒരു അടിസ്ഥാനവുമില്ലാതെയാണ് ഇത്തരം പ്രചാരണങ്ങളെന്നാണ് സിദ്ദിഖ് പറയുന്നത്.

മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും രാഷ്ട്രീയത്തിലേക്ക് താനൊരിക്കലും പ്രവേശിക്കില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി.

‘രണ്ടുമൂന്ന് ദിവസമായി സാമൂഹിക മാധ്യമങ്ങളിലും ഓണ്‍ലൈനിലും ഞാനും ഈ വാര്‍ത്തകള്‍ കാണുന്നുണ്ട്. ഒരുപാട് പേര്‍ വാര്‍ത്ത കണ്ട് വിളിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തു. ആ വാര്‍ത്തയില്‍ ഒരു സത്യവുമില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് എന്നെ ആരെങ്കിലും അതിനായി സമീപിക്കുകയോ, അങ്ങനെ ചര്‍ച്ചകള്‍ നടക്കുകയോ ഉണ്ടായിട്ടില്ല. എങ്ങനെയോ പ്രചരിച്ച വാര്‍ത്തയാണിത്.

രാഷ്ട്രീയത്തിലേക്കോ അങ്ങനെയുള്ള മത്സര രംഗത്തേക്കോ വരാന്‍ ആഗ്രഹിക്കുകയോ അതിനുള്ള ശ്രമങ്ങള്‍ നടത്തുകയോ ചെയ്തിട്ടുള്ള ആളല്ല ഞാന്‍. അങ്ങനെയൊരു ചിന്ത പോലും എനിക്കില്ല. രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ ഒട്ടും ഉദ്ദേശിക്കുന്നുമില്ല’ സിദ്ദിഖ് പറഞ്ഞു.

രാഷ്ട്രീയമായ കാഴ്ച്ചപ്പാടുകളും നിലപാടുകളും തനിക്കുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും സുഹൃത്തുക്കളുണ്ട്. പക്ഷേ ഒരു പാര്‍ട്ടിയിലും താന്‍ മെമ്പറല്ല. മത്സരിക്കാനും മറ്റും വളരെ മിടുക്കരായ, അര്‍ഹരായ, കഴിവുള്ള ആള്‍ക്കാര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തന്നെയുണ്ടെന്നും സിദ്ദിഖ് വ്യക്തമാക്കി.

‘ഞാന്‍ ജോലി ചെയ്യുന്ന മേഖലയില്‍ വളരെ സുരക്ഷിതനാണ്, അര്‍ഹിക്കുന്നതിനേക്കാള്‍ വലിയ സ്ഥാനം എനിക്കവിടെയുണ്ട്. അതാസ്വദിക്കുകയാണ് ഞാന്‍. മറ്റൊരു മേഖലയെക്കുറിച്ച് ചിന്തിക്കാന്‍ പോലും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ രാഷ്ട്രീയത്തിനോ മത്സരിക്കാനോ പറ്റിയ ആളല്ല’ സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button