മോചിപ്പിക്കുന്നവരുടെ പട്ടിക കിട്ടിയില്ല, വേണ്ടിവന്നാൽ യു.എസ്. പിന്തുണയോടെ ഹമാസിനെതിരെ യുദ്ധമെന്ന് നെതന്യാഹു
ടെൽ അവീവ്: ഇസ്രയേൽ – ഹമാസ് വെടിനിർത്തൽ കരാറിന്റെ ഭാഗമായി ആദ്യ ബന്ദിമോചനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ വീണ്ടും അനിശ്ചിതത്വം. മോചിപ്പിക്കുന്ന ബന്ദികൾ ആരൊക്കെയെന്ന് ഹമാസ് വെളിപ്പെടുത്താതെ കരാറുമായി മുമ്പോട്ടു പോകാനാകില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എക്സ് പ്ലാറ്റ് ഫോമിൽ കൂടിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇസ്രയേൽ സമയം ഞയറാഴ്ച രാവിലെ 8.30നാണ് ബന്ദിക്കൈമാറ്റത്തിന് ധാരണയായിട്ടുള്ളത്. എന്നാൽ ആരൊക്കെയാണ് കൈമാറ്റം ചെയ്യുന്നത് എന്നത് സംബന്ധിച്ച ലിസ്റ്റ് ഹമാസിന്റെ പക്കൽ നിന്ന് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും ഇത് കരാർ ലംഘനമാണെന്നുമാണ് ഇസ്രയേൽ വ്യക്തമാക്കുന്നത്. വേണ്ടിവന്നാൽ അമേരിക്കയുടെ സഹായത്തോടെ യുദ്ധം പുനഃരാരംഭിക്കുമെന്നും ഹമാസ് ബന്ദികളാക്കിയിരിക്കുന്ന എല്ലാവരേയും തിരികെ രാജ്യത്തെത്തിക്കുമെന്നും നെതന്യാഹു പറഞ്ഞു.
42 ദിവസം നീളുന്ന ആദ്യഘട്ട വെടിനിർത്തലിനിടെ 33 ബന്ദികളെ ഹമാസ് ഘട്ടംഘട്ടമായി മോചിപ്പിക്കുമെന്നായിരുന്നു ധാരണ. ഇതിൽ മൂന്നുപേരെയാണ് ഞായറാഴ്ച വിട്ടയയ്ക്കുക. ഇവർ 30 വയസ്സിൽതാഴെയുള്ള ഇസ്രയേലിന്റെ വനിതാ സൈനികരാണെന്നായിരുന്നു ലഭിക്കുന്ന സൂചന. ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 737 പലസ്തീൻ തടവുകാരുടെ വിശദാംശങ്ങൾ ഇസ്രയേൽ നീതിന്യായവകുപ്പ് പുറത്തുവിട്ടിരുന്നു.
തടവുകാരുടെ ആദ്യസംഘത്തിൽ 95 പേരുണ്ടാകും. ഇവരെ ഞായറാഴ്ച വൈകീട്ട് നാലിനുശേഷമേ കൈമാറൂവെന്ന് ഇസ്രയേൽ അറിയിച്ചിരുന്നു. ജനവാസമേഖലകളിൽനിന്നുള്ള സൈന്യത്തിന്റെ പിന്മാറ്റവും ആദ്യഘട്ടത്തിലുണ്ടാകും.
ആദ്യഘട്ടവെടിനിർത്തലിന്റെ 16-ാം ദിനം രണ്ടും മൂന്നും ഘട്ടങ്ങൾ എങ്ങനെയാകണമെന്നതിനെക്കുറിച്ച് ചർച്ചതുടങ്ങും. ഖത്തർ, യു.എസ്., ഈജിപ്ത് എന്നീ മധ്യസ്ഥരാജ്യങ്ങളുടെ എട്ടുമാസത്തെ ശ്രമഫലമായുണ്ടായ വെടിനിർത്തൽക്കരാറിന് വെള്ളിയാഴ്ച രാത്രി വൈകിയാണ് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകിയത്.