തിരുവനന്തപുരം: സിൽവർലൈൻ അതേപടി നടപ്പാക്കാനാകില്ലെന്നും പദ്ധതിയിൽ മാറ്റം വേണമെന്നും വ്യക്തമാക്കുന്ന മെട്രോമാൻ ഇ. ശ്രീധരന്‍റെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. ഡൽഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് വഴിയാണ് മുഖ്യമന്ത്രിയ്ക്ക് റിപ്പോര്‍ട്ട് കൈമാറിയത്.
ആദ്യം സെമി ഹൈസ്പീഡ് റെയില്‍ വേണമെന്നും പിന്നീട് ഇത് ഹൈസ്പീഡാക്കണമെന്നും ശ്രീധരന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പുതിയ പാതയെ ദേശീയ റെയില്‍പാതയുമായി ബന്ധിപ്പിക്കാന്‍ കഴിയണം. നിലവിലെ സില്‍വര്‍ ലൈന്‍ ദേശീയ റെയില്‍പാതയുമായി ബന്ധിപ്പിക്കാന്‍ കഴിയില്ല. ബ്രോഡ്‌ഗേജ് സംവിധാനത്തിലേക്ക് മാറിയാലേ ഇത് സാധ്യമാകൂ. മംഗലാപുരം ഉള്‍പ്പടെ കേരളത്തിനു പുറത്തേക്കും ഹൈസ്പീഡ് പാത നീട്ടണം. എങ്കില്‍ മാത്രമേ പദ്ധതി പ്രായോഗികമാകൂ.
കേന്ദ്രസര്‍ക്കാറിന്റെ അനുമതിയില്ലാതെ പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ലെന്ന് കെ.വി തോമസ് പറഞ്ഞു. ഇ. ശ്രീധരന്റെ നിര്‍ദേശങ്ങള്‍ നിലവില്‍ മുഖ്യമന്ത്രിയുടെ മുന്നിലാണ്. കൂടുതൽ കാര്യങ്ങൾ സർക്കാർ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇ. ശ്രീധരനും കെ.വി. തോമസുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു കെ-റെയില്‍ പദ്ധതിയ്ക്ക് വീണ്ടും അനക്കംവെച്ചത്. കെ-റെയില്‍ പദ്ധതി പ്രാവര്‍ത്തികമാകാന്‍ ഇ. ശ്രീധരന്‍ ബദല്‍ നിര്‍ദ്ദേശങ്ങള്‍ പങ്കുവെച്ചതോടെ അദ്ദേഹവും പദ്ധതിയുടെ ഭാഗമായേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
കെ- റെയില്‍ പദ്ധതി യാഥാര്‍ഥ്യമായാല്‍ കേരളം രണ്ടായി പിളരുമെന്നും പദ്ധതി പൂര്‍ത്തിയാക്കാന്‍ 15 വര്‍ഷമെങ്കിലും വേണ്ടിവരുമെന്നുമായിരുന്നു അദ്ദേഹം നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍, പദ്ധതി കേരളത്തിന് അനുയോജ്യമല്ലെന്നല്ല താന്‍ പറഞ്ഞതെന്നും നിലവിലെ രീതിയില്‍ പ്രായോഗികമല്ലെന്നാണ് പറഞ്ഞതെന്നുമാണ് കെ.വി. തോമസുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഇ. ശ്രീധരന്‍ വ്യക്തമാക്കിയിരുന്നത്.