31.1 C
Kottayam
Thursday, May 16, 2024

ദേഹം മുഴുവന്‍ വരഞ്ഞ് രക്തം വാര്‍ന്ന് മരണം,മന്ത്രവാദ സംഘടനയില്‍ അംഗങ്ങള്‍,കുട്ടികള്‍ വേണ്ടെന്ന് തീരുമാനം; യാത്രയിലും ദുരൂഹത

Must read

കോട്ടയം: അരുണാചല്‍ പ്രദേശില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവീന്‍- ദേവി ദമ്പതികള്‍ മാര്‍ച്ച് 17നാണ് കോട്ടയത്തെ വീട്ടില്‍നിന്ന് പോയതെന്ന് നാട്ടുകാര്‍. എങ്ങോട്ടാണ് പോകുന്നതെന്ന് ആരോടും പറഞ്ഞിരുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. മന്ത്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സംഘടനയില്‍ ഇരുവരും അംഗങ്ങളായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.

”13 വര്‍ഷമായി ഇരുവരും വിവാഹിതരായിട്ട്. തിരുവനന്തപുരത്താണു സ്ഥിരതാമസം. രണ്ടു പേരും ആയുര്‍വേദ ഡോക്ടര്‍മാരായിരുന്നു. തിരുവനന്തപുരത്ത് ക്ലിനിക്കൊക്കെയായി ജോലി നോക്കുകയായിരുന്നു. കുറച്ചുനാളായി ജോലിയൊന്നും ഇല്ലാതെ ഇരുവരും ഇവിടെ വീട്ടില്‍ നില്‍ക്കുകയായിരുന്നു. നവീന്റെ മാതാവും പിതാവും തിരുവനന്തപുരത്ത് ജോലി ചെയ്തതിനാല്‍ ചെറുപ്പം മുതല്‍ നവീനും തിരുവനന്തപുരത്തായിരുന്നു. അവിടെ ആയുര്‍വേദ കോളജിലാണു നവീന്‍ പഠിച്ചത്. അവിടെവച്ചാണ് ദേവിയുമായി പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തത്.

നവീന്‍ പുനര്‍ജനി എന്നോ മറ്റോ പേരുള്ള സംഘടനയില്‍ അംഗമായിരുന്നു. ദേവിയും അതില്‍ അംഗമാണെന്നാണു പറയുന്നത്. 13 വര്‍ഷമായി വിവാഹം കഴിഞ്ഞെങ്കിലും കുട്ടികള്‍ വേണ്ടെന്ന തീരുമാനത്തിലായിരുന്നു ഇരുവരും. ആ ഒരു രീതിയിലേക്ക് ഇവരുടെ മനസ്സ് മാറിയിരുന്നു. ആ സംഘടന വഴിയാണ് ഇവര്‍ അരുണാചലിലേക്കു പോയതെന്നാണു പറയുന്നത്.

ദേഹം മുഴുവന്‍ വരഞ്ഞ് മുറിച്ച് രക്തം വാര്‍ന്നാണു മരിച്ചതെന്നാണു പറയുന്നത്. ആ ഒരു രീതിയിലേക്ക് ഇവരുടെ മനസ്സിനെ മാറ്റിക്കാണും.”- നാട്ടുകാര്‍ പറയുന്നു. നവീന്റെ പിതാവും മാതാവുമാണ് ഇപ്പോള്‍ കോട്ടയത്തെ വീട്ടിലുള്ളത്. പിതാവ് എന്‍.എ.തോമസ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനാണ്. മാതാവ് കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ മാനേജരായിരുന്നു. ഒരു സഹോദരിയും നവീനുണ്ട്.

മീനടം സ്വദേശികളായ നവീന്‍, ഭാര്യ ദേവി, സുഹൃത്തും അധ്യാപികയുമായ ആര്യ (29) എന്നിവരെയാണ് അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആര്യയെ കഴിഞ്ഞ മാസം 27 മുതല്‍ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് നല്‍കിയ പരാതിയില്‍ വട്ടിയൂര്‍ക്കാവ് പൊലീസ് അന്വേഷണം നടത്തിവരവേയാണ്, കൂട്ടമരണത്തിന്റെ വാര്‍ത്ത പുറത്തുവരുന്നത്. വിവാഹം നിശ്ചയിച്ചതിനു പിന്നാലെയാണ് ആര്യയെ കാണാതായത്.

മരിച്ച ആര്യ തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായിരുന്നു. ആര്യയെ കാണാതായതുമായി ബന്ധപ്പെട്ട് വട്ടിയൂര്‍ക്കാവ് പൊലീസ് ഇക്കഴിഞ്ഞ 27ന് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ആര്യയുടെ സഹ അധ്യാപികയായിരുന്ന ദേവി, ഭര്‍ത്താവ് നവീന്‍ എന്നിവരെ കോട്ടയം മീനടത്തുനിന്ന് കാണാതായ കാര്യം ശ്രദ്ധയില്‍പ്പെട്ടത്. ഇവര്‍ക്കായുള്ള അന്വേഷണം തുടരുന്നതിനിടെയാണ് ഇറ്റാനഗറിലെ ഹോട്ടല്‍മുറിയില്‍ മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week