
പത്തനംതിട്ട: നവീന്‍ ബാബു കേസില്‍ നീതിക്കായി പോരാടുന്ന കുടുംബത്തെ തകര്‍ക്കാന്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നതായി കുടുംബം. കുടുംബത്തെ തളര്‍ത്താനാണ് ഇത്തരം ശ്രമങ്ങളെന്നാണ് കുടുംബം മാധ്യമങ്ങളോട് പറഞ്ഞത്. കുടുംബത്തിനെതിരെ യൂട്യൂബ് ചാനലുകള്‍ വഴി നടത്തുന്ന അപവാദപ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ ആവശ്യപ്പെട്ടു.
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി കൊച്ചച്ഛനെതിരെ (അച്ഛന്റെ സഹോദന്‍) അപവാദപ്രചരണം നടത്തുന്നു. കേസ് അടക്കമുള്ള കാര്യങ്ങള്‍ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത് അച്ഛന്റെ സഹോദരനാണ്. അദ്ദേഹത്തെ ചില ആളുകള്‍ യൂട്യൂബ് ചാനലുകളിലൂടെ മനപ്പൂര്‍വ്വം മോശപ്പെടുത്തുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. ഞങ്ങളെ അദ്ദേഹം പറ്റിച്ചുവെന്നാണ് അപവാദ പ്രചാരണം.
വീണ മണി എന്നൊരാള്‍ യുട്യൂബല്‍ വന്നിരുന്ന സഹായിക്കാനെന്ന് പറഞ്ഞ് എന്തൊക്കെയോ പറയുന്നു. കൊച്ചച്ഛനെ അടക്കം കുറ്റപ്പെടുത്തുന്നു. ഇത് ഞങ്ങള്‍ക്ക് സഹിക്കാന്‍ കഴിയുന്നില്ലെന്നും മകള്‍ പറഞ്ഞു. കുടുംബത്തെ തളര്‍ത്താനാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി ഇത്തരം അപവാദ പ്രചാരണം നടത്തുന്നത്. അതു കുടുംബത്തെ വീണ്ടും വേദനിപ്പിക്കുന്നതാണ്. ഇല്ലാത്ത കാര്യങ്ങള്‍ ദയവായി പ്രചരിപ്പിക്കാതിരിക്കുക. പൊലീസില്‍ നിന്ന് നീതി കിട്ടാത്തപ്പോഴാണ് സിബിഐ അന്വേഷണമായും കോടതിയിലേക്ക് പോയത്. പ്രത്യേക അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും കുടുംബം പറഞ്ഞു.
പോലീസില്‍ നിന്ന് നീതി കിട്ടാതെയാണ് കോടതിയില്‍ പോയതെന്ന് മഞ്ജുഷ. പ്രത്യേക അന്വേഷണ സംഘത്തെ വിശ്വാസമില്ലെന്നും പ്രധാന പ്രതികളെ എല്ലാം പോലീസ് സംരക്ഷിക്കുന്നുവെന്നും മഞ്ജുഷ ആരോപിച്ചു. അന്വേഷണം നടക്കുന്നില്ല. സഹായിക്കുന്നവരെ തളര്‍ത്താനാണ് ശ്രമിക്കുന്നത്. കുടുംബത്തെ തളര്‍ത്താനാണ് ഓണ്‍ലൈന്‍ വഴി അപവാദപ്രചരണം നടത്തുന്നതെന്ന് മഞ്ജുഷ പറഞ്ഞു.
അതേസമയം എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയ ഹൈക്കോടതി നടപടി നിരാശാജനകമെന്ന് നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു പ്രതികരിച്ചു. നിലവിലെ അന്വേഷണം ശരിയായ ദിശയില്‍ അല്ല. പ്രശാന്തിനെ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കും. കുടുംബത്തിനും തനിക്കുമെതിരെ അപവാദ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രവീണ്‍ ബാബു വ്യക്തമാക്കി.
നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സിബിഐ അന്വേഷണ ആവശ്യം തള്ളിയതോടെയാണ് കുടുംബം ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്കിയത്. നിലവില്‍ കണ്ണൂര്‍ റേഞ്ച് ഐജിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.നവീനിനെ കൊന്ന് കെട്ടിത്തൂക്കിയതാകാമെന്നും സിംഗിള്‍ബെഞ്ച് വസ്തുതകള്‍ ശരിയായി വിശകലനം ചെയ്തില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കിയത്. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് ഈ ആവശ്യം തള്ളുകയായിരുന്നു.
ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസില്‍ പ്രതിയായ പിപി ദിവ്യയ്ക്ക് ഭരണപക്ഷത്തുള്ള സ്വാധീനമടക്കം കണക്കിലെടുത്ത് കേസ് സിബിഐക്ക് കൈമാറണമെന്നാണ് ഭാര്യ ആവശ്യപ്പെട്ടത്.2024 ഒക്ടോബര്‍ 15നാണ് നവീന്‍ ബാബു മരിച്ചത്. യാത്രഅയപ്പ് യോഗത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് പിറ്റേന്ന് പുലര്‍ച്ചെ നവീനിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ തുടക്കം മുതല്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു.
മരണം കൊലപാതകാണെന്നും ദിവ്യയുടെ രാഷ്ട്രീയ സ്വാധീനം കാരണം ശരിയായ അന്വേഷണം നടത്തിയില്ലെന്നും ആരോപണമുണ്ട്.ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ പോരായ്മകളുണ്ട്. ശരീരം തൂങ്ങിനിന്നതിലുമേറെ സമയം തറയില്‍ കിടന്നിട്ടുണ്ടാകാമെന്നാണ് ഹൃദയം നിലച്ചശേഷമുള്ള രക്തമൊഴുക്കിന്റെ ഗതി സൂചിപ്പിക്കുന്നത്. കൊലപ്പെടുത്തിയശേഷം തൂക്കിയതാകാമെന്ന സംശയം ബലപ്പെടുത്തുന്നതാണിത്. വായില്‍ നിന്ന് ഉമിനീര്‍ ഒഴുകിയിട്ടില്ല. മരണം നേരത്തേ നടന്നുവെന്ന സൂചനയാണിത്. നാക്കുകടിച്ച നിലയിലായിരുന്നു. ശ്വാസം മുട്ടിച്ചിട്ടുണ്ടെന്നു സംശയിക്കാവുന്ന തെളിവാണിത്.
അടിവസ്ത്രത്തിലെ രക്തക്കറയ്ക്ക് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉത്തരമില്ല. മൂത്രാശയക്കല്ലാകാം കാരണമെന്ന് ഡോക്ടര്‍ പിന്നീട് നല്‍കിയ മൊഴിയാണ് കോടതി കണക്കിലെടുത്തത്. ദിവ്യയും കണ്ണൂര്‍ കളക്ടറും സാക്ഷി പ്രശാന്തനും ഗൂഢാലോചന നടത്തിയെന്ന പരാതി അന്വേഷിക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും ഹര്‍ജിയിലുണ്ട്.