FeaturedHome-bannerKeralaNews

നവീൻബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാകാം, ദിവ്യയുടെ പങ്ക് അന്വേഷിച്ചില്ല; സംശയമുന്നയിച്ച് ഭാര്യ ഹൈക്കോടതിയിൽ

കൊച്ചി: എ.ഡി.എം നവീൻബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാകാമെന്ന സംശയം ഉന്നയിച്ച് ഭാര്യ കെ. മഞ്ജുഷ. ഇപ്പോൾ നടക്കുന്ന കേസന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണം സി ബി ഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കൊന്ന് കെട്ടിത്തൂക്കിയാതാകാമെന്ന സംശയം ഉന്നയിക്കുന്നത്. ഹർജി അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കും.

ഒക്ടോബർ 15- ന് രാവിലെ എട്ടിന് കളക്ട്രേറ്റ് ഉദ്യോഗസ്ഥനാണ് നവീൻബാബു മരിച്ചതായി അറിയിച്ചത്. എന്നാൽ, വീട്ടുകാർ എത്തും മുൻപേ പോലീസ് തിടുക്കപ്പെട്ട് ഇൻക്വസ്റ്റ് തയാറാക്കിയത് സംശയകരമാണ്. ഇൻക്വസ്റ്റിന് ഉറ്റബന്ധുക്കളുടെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്ന നിയമം ലംഘിക്കപ്പെടുകയാണ് ചെയ്തത്. നവീൻബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാകാമെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഈ സംഭവങ്ങൾ.

കൂടാതെ, യാത്രയയപ്പ് യോഗത്തിന് ശേഷം നവീൻബാബുവിനെ ആരെല്ലാം സന്ദർശിച്ചു എന്നത് കണ്ടെത്തേണ്ടത് അനിവാര്യമാണ്. നവീൻബാബു ഉണ്ടായിരുന്ന കളക്ടേറ്റ് പരിസരത്തേയും സ്റ്റാഫ് ക്വാർട്ടേഴ്സിലേയും റെയിൽവേ സ്റ്റേഷനിലേയും സി.സി.ടി.വി. ദൃശ്യങ്ങളിലൂടെ ഇക്കാര്യങ്ങൾ വ്യക്തമാകും. എന്നാൽ, കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം ഈ സി സി ടി വി ദൃശ്യങ്ങളൊന്നും പിടിച്ചെടുത്തിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. നവീൻ കോഴ വാങ്ങിയെന്നാരോപിച്ച് പെട്രോൾ പമ്പ് അപേക്ഷകൻ മുഖ്യമന്ത്രിക്ക് അയച്ചതായി പറയുന്ന കത്ത് കെട്ടിച്ചമച്ചതാണെന്നും ഹർജിയിൽ ആരോപിക്കുന്നു.

പി.പി.ദിവ്യയുടെ പങ്കിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം സമ​ഗ്രമായ അന്വേഷണം നടത്തിയിട്ടില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. വകുപ്പുതല പരിപാടി മാത്രമായിരുന്നു നടന്നത്. നവീൻ ബാബുവിന്റെ യാത്രയയപ്പിൽ യോഗം തുടങ്ങിയ ശേഷം ജില്ല പ്രസിഡന്റ് പി.പി.ദിവ്യ അതിക്രമിച്ചു കയറുകയായിരുന്നു. യോഗത്തിൽ അവർ നവീൻ അഴിമതിക്കാരനാണെന്നും പതിവായി കോഴവാങ്ങുന്നയാളാണെന്നുമുള്ള വ്യാജ ആരോപണമുന്നയിച്ചു. ഇത് റെക്കാഡ് ചെയ്യാൻ ക്യാമറമാനേയും കൊണ്ടുവ‌രുകയും ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു.

പത്തനംതിട്ട ജില്ലയിലെ ജീവനക്കാർക്കടക്കം ഈ ദൃശ്യങ്ങൾ അയച്ചുകൊടുത്തു. എന്നാൽ അന്വേഷണസംഘം അന്വേഷണം നടത്തിയില്ല. കേസിലെ ഏക പ്രതിയായ ദിവ്യയെ തെളിവ് കെട്ടിച്ചമയ്ക്കാൻ പ്രോത്സാഹിപ്പിക്കുന്നതായി സംശയിക്കണമെന്നും സിപിഎം നേതാവ് പ്രതിയായ കേസിൽ കൃത്യമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷ ഇല്ലെന്നും അതിനാൽ സി ബി ഐ അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

നവീൻ ബാബുവിൻ്റെ മരണത്തിൽ തെളിവുകൾ സംരക്ഷിക്കണമെന്നും കളക്ടറുടെയും പമ്പിന് അനുമതി തേടിയ പ്രശാന്തൻ്റെയും ഫോൺ കോൾ വിവരങ്ങളും ഫോൺ ലൊക്കേഷൻ വിവരങ്ങളും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബത്തിൻ്റെ അഭിഭാഷകൻ ചൊവ്വാഴ്ച ഹർജി പരി​ഗണിക്കവേ തലശേരി കോടതിയിൽ ആവശ്യം ഉന്നയിച്ചിരുന്നു. ജില്ലാ കളക്ട്രേറ്റിലെ സിസിടിവി ദൃശ്യങ്ങളും കളക്ടറുടെ രണ്ട് നമ്പറുകളിലെയും കോൾ റെക്കോർഡിങും സംരക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം തടസ്സപ്പെടുത്തുകയല്ല ഉദ്ദേശമെന്നും അന്വേഷണത്തിന് ഉപകാരപ്പെടും വിധം തെളിവുകൾ സംരക്ഷിക്കണമെന്നും കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker