KeralaNews

കളക്ടർക്കെതിരെ നവീൻ ബാബുവിൻ്റെ കുടുംബം; കളക്ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ലെന്ന് നവീന്‍റെ ഭാര്യ മഞ്ജുഷ; നീതിക്കായി ഏതറ്റം വരെയും പോകും

പത്തനംതിട്ട:എഡിഎം കുറ്റസമ്മതം നടത്തിയെന്ന കണ്ണൂർ ജില്ലാ കളക്ടറുടെ മൊഴി തള്ളി നവീൻ ബാബുവിന്‍റെ ഭാര്യയും കോന്നി തഹസില്‍ദാറുമായ മഞ്ജുഷ. സഹപ്രവർത്തകരോട് സൗഹാർദ്ദപരമായി ഒരിക്കലും പെരുമാറാത്ത കളക്ടറോട് നവീൻ ഒന്നും തുറന്ന് പറയില്ലെന്നുറപ്പാണെന്നും മഞ്ജുഷ പറഞ്ഞു. എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ കണ്ണൂര്‍ കളക്ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ലെന്ന് മഞ്ജുഷ പറഞ്ഞു. കളക്ടര്‍ വീട്ടിലേക്ക് വരേണ്ടെന്ന് തീരുമാനിച്ചത് താനാണെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ പറഞ്ഞു.

ജീവനക്കാരോട് സൗഹൃദപരമായി പെരുമാറാത്ത ആളാണ് കണ്ണൂര്‍ കളക്ടര്‍. അതിനാൽ തന്നെ കളക്ടര്‍ പറഞ്ഞത് കണ്ണൂര്‍ കളക്ടറേറ്റിലേ ആരും വിശ്വസിക്കില്ല. അത്തരത്തിൽ നവീൻ ഒരു കാര്യവും തുറന്നുപറയാൻ യാതൊരു സാധ്യതയുമില്ല. അത് പൂര്‍ണമായിട്ടും അറിയാം. കളക്ടറുമായി ഒരു തരത്തിലുള്ള ആത്മബന്ധവും നവീൻ ബാബുവിനില്ല.

അതിനാൽ തന്നെ കളക്ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ല. കളക്ടര്‍ വീട്ടിലേക്ക് വരേണ്ടതില്ലെന്ന് താൻ തന്നെ എടുത്ത തീരുമാനമാണ്. അദ്ദേഹം വീട്ടിലേക്ക് വരുന്നതിൽ താത്പര്യമില്ല. മരണത്തിൽ നീതി ലഭിക്കുന്നതിനായി നിയമപരമായ എല്ലാ സാധ്യതകളും തേടുമെന്നും മഞ്ജുഷ പറഞ്ഞു.

യാത്രയയപ്പ് ദിവസം കളക്ടറോട് നവീൻ ബാബു സംസാരിച്ചുവെന്നും ചില കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നമാണ് കണ്ണൂര്‍ കളക്ടര്‍ പൊലീസിനോട് പറഞ്ഞത്.  കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിലെ കോടതിവിധിയില്‍ പരാമര്‍ശിക്കുന്ന മൊഴി ശരിയാണെന്നായിരുന്നു കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്.

തെറ്റ് പറ്റിയെന്ന് എഡിഎം നവീന്‍ ബാബു പറഞ്ഞിട്ടുണ്ടെന്നും തന്‍റെ മൊഴി പൂര്‍ണ്ണമായി പുറത്തുവന്നിട്ടില്ലെന്നും അരുണ്‍ കെ വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കളക്ടറുടെ ഈ മൊഴി തള്ളിക്കൊണ്ടാണ് നവീന്‍റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചത്.

കോടതി വിധിയിൽ വന്ന മൊഴി നിഷേധിക്കുന്നില്ലെന്നും ലാൻഡ് റവന്യൂ ജോയിൻ കമ്മീഷണർക്ക് നൽകിയ മൊഴിയും സമാനമാണെന്നും കളക്ടര്‍ അരുണ്‍ കെ വിജയൻ പ്രതികരിച്ചിരുന്നു. എട്ട് മാസം എന്‍റെ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് നവീന്‍ ബാബു.

കുടുംബത്തിന് കൊടുത്ത കത്തിലുള്ള കാര്യത്തിൽ തന്നെ ഉറച്ചുനിൽക്കുന്നുവെന്നും അരുണ്‍ കെ വിജയന്‍ പറഞ്ഞിരുന്നു കുടുംബത്തിന്‍റെ ആരോപണങ്ങളും അന്വേഷിക്കട്ടെയെന്നും അവധി അപേക്ഷ നീട്ടി എന്ന ആരോപണങ്ങളെല്ലാം അന്വേഷിക്കാമെന്നും ജില്ലാ കളക്ടര്‍ കൂട്ടിച്ചേർത്തു. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നും അരുണ്‍ കെ വിജയന്‍ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker