KeralaNews

സർക്കാരിന് തിരിച്ചടി;നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി

കൊച്ചി: നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി. പഞ്ചായത്ത് ഭരണ സമിതി തീരുമാനത്തിന് വിരുദ്ധമായി സെക്രട്ടറിമാർ ഫണ്ട് അനുവദിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. കേസിൽ ഉൾപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാർക്ക് നോട്ടീസ് അയച്ച കോടതി, ഡിസംബർ ഏഴിന് പരിഗണിക്കാനായി കേസ് മാറ്റി.

നവകേരള സദസിനായി തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും സഹകരണ സംഘങ്ങളിൽ നിന്നും പണം ഈടാക്കാനായിരുന്നു സർക്കാർ നീക്കം. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്ന് പണം നൽകാൻ ക്വാട്ട നിശ്ചയിച്ച് അഡീഷനൽ ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയിരുന്നു. ഗ്രാമപഞ്ചായത്തുകൾ അൻപതിനായിരവും മുൻസിപ്പാലിറ്റികളും ബ്ലോക്ക് പഞ്ചായത്തുകളും ഒരു ലക്ഷവും കൊടുക്കണം എന്നായിരുന്നു നിര്‍ദ്ദേശം.

കോർപ്പറേഷന്റെ ക്വാട്ട രണ്ട് ലക്ഷവും ജില്ലാ പഞ്ചായത്ത് നൽകേണ്ടത് 3 ലക്ഷം രൂപയുമായിരുന്നു നിശ്ചയിച്ചത്. സംഘാടക സമിതി ആവശ്യപ്പെടുന്ന പ്രകാരം പണം നൽകാനായിരുന്നു ഉത്തരവ്. സാമ്പത്തിക പ്രതിസന്ധിയിലായ തദ്ദേശസ്ഥാപനങ്ങളെ കൂടുതൽ കടക്കെണിയിലാക്കുന്നതായിരുന്നു സ‍ർക്കാ‍ർ തീരുമാനം. ഇതിനെതിരെ അന്ന് തന്നെ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റുമാർ കോടതിയെ സമീപിച്ചത്.

നേരത്ത നവകേരള സദസ് പരിപാടിയിൽ കുട്ടികളെ പങ്കെടുപ്പിക്കേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കാഴ്‌ചവസ്‌തുക്കളാക്കാൻ ഉള്ളവരല്ല കുട്ടികളെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ വിമർശനം. എല്ലാ കുട്ടികളെയും വിഐപികളായി പരിഗണിക്കണം. ഹെഡ് മാസ്‌റ്റർമാർ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും കോടതി ചോദിച്ചിരുന്നു.

വിദ്യാര്‍ഥികളെ രാഷ്ട്രീയത്തിന് ഉപയോഗിക്കരുതെന്നും കരിക്കുലത്തിനു പുറത്തുള്ള കാര്യങ്ങളില്‍ ഉത്തരവിറക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. നവകേരള സദസ് പരിപാടിയിൽ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുന്നതിന്‌ എതിരായ ഹർജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker