ചൊവ്വയില്‍ ഹെലികോപ്റ്റര്‍ പറത്തി ചരിത്രം സൃഷ്ടിക്കാനൊരുങ്ങി നാസ
ചൊവ്വ ഗ്രഹത്തില്‍ ഹെലികോപ്റ്റര്‍ പറത്തി ചരിത്രം സൃഷ്ടിക്കാനൊരുങ്ങി നാസ. ശാസ്ത്രലോകത്തെ അമ്പരിപ്പിച്ചു കൊണ്ടാണ് നാസ ചൊവ്വ ഗ്രഹത്തില്‍ മിനി ഹെലികോപ്റ്റര്‍ പറത്താനൊരുങ്ങുന്നത്. ഇതിനായി ഹെലികോപ്റ്ററും ചൊവ്വയിലെത്തിച്ചു കഴിഞ്ഞു. നാസയുടെ ചൊവ്വ ദൗത്യമായ പെഴ്‌സിവിറന്‍സ് റോവറിലാണ് ഇന്‍ജെന്യുറ്റി ഹെലികോപ്റ്റര്‍ ഘടിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഹെലികോപ്റ്റര്‍ ദൃശ്യങ്ങള്‍ നാസ പങ്കുവച്ചിരുന്നു. ഹെലികോപ്റ്റര്‍ അതിന്റെ ഡെബ്രിസ് ഷീല്‍ഡ് ഉപേക്ഷിക്കുന്ന ദൃശ്യങ്ങളാണ് പങ്കുവെച്ചത്. തുടര്‍ന്ന് ഹെലികോപ്റ്ററിന്റെ ബ്ലെയ്ഡുകളും വിഡിയോയില്‍ കാണാം. നാസ പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് റോവറില്‍ നിന്നും വിന്യസിച്ചു കഴിഞ്ഞാല്‍ ഹെലികോപ്റ്റര്‍ പരിസ്ഥിതി നിരീക്ഷണം നടത്തും. ഇത് ചൊവ്വയിലുള്ള വിവരങ്ങള്‍ ഭൂമിയിലേക്ക് കൈമാറുകയും ചെയ്യും.
പെഴ്‌സിവിറന്‍സ് റോവര്‍ പ്രവര്‍ത്തിപ്പിക്കുന്ന സംഘം ഹെലികോപ്റ്റര്‍ പറത്തേണ്ട സ്ഥലവും കണ്ടെത്തിക്കഴിഞ്ഞു. എന്നാല്‍ ഏപ്രില്‍ ആദ്യ ആഴ്ചയ്ക്ക് മുന്‍പ് ഹെലികോപ്റ്റര്‍ പറത്തുക എന്നത് അസാധ്യമാണെന്ന് ഗവേഷകര്‍ അറിയിച്ചു.
ഇതുവരെ ഒരു തരത്തിലുള്ള റോട്ടോ ക്രാഫ്റ്റുകളോ ഡ്രോണുകളോ അന്യഗ്രഹത്തില്‍ പറത്തിയിട്ടില്ലെന്ന് നാസയുടെ ഗവേഷകര്‍ പറയുന്നു. ഇത് ആദ്യമായാണ് ഇന്‍ജെന്യുറ്റി ഹെലികോപ്റ്റര്‍ നാസയില്‍ പ്രവര്‍ത്തിക്കുക. ഇത് വിജയകരമായാല്‍ ഭാവിയില്‍ എല്ലാ ഗ്രഹങ്ങളിലും ഇത്തരം ഹെലികോപ്റ്ററുകളോ ഡ്രോണുകളോ പറത്താന്‍ സാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു.