വാഷിംഗ്ടണ്‍ ഡിസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉന്നത ഉദ്യോഗസ്ഥ സംഘവും യുഎസില്‍ എത്തി. രാത്രി വൈകി വാഷിംഗ്ടണില്‍ വന്നിറങ്ങിയ ഉടന്‍ അദ്ദേഹം കോവിഡ് സംബന്ധിച്ച ആഗോള സമ്മേളനത്തിലും പങ്കെടുത്തു. ഐക്യരാഷ്ട്ര പൊതുസഭയില്‍ പങ്കെടുക്കാനും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി നിര്‍ണായക ചര്‍ച്ചകള്‍ക്കുമായാണു പ്രധാനമായും മോദിയുടെ സന്ദര്‍ശനം.
പ്രധാനമന്ത്രി എന്ന നിലയില്‍ മോദിയുടെ ഏഴാമത്തെ യുഎസ് പര്യടനമാണിത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30നാണ് പ്രധാനമന്ത്രി മോദി അന്‍ഡ്രൂസ് ജോയിന്റെ ബെസില്‍ എയര്‍ ഇന്ത്യ 1 വിമാനത്തില്‍ വന്നിറങ്ങിയത്. മഴയെ അവഗണിച്ച് മോദിയെ സ്വീകരിക്കാന്‍ യുഎസിലെ ഇന്ത്യന്‍ സമൂഹവും വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇവരെയും അഭിവാദ്യം ചെയ്താണ് മോദി വിമാനത്താവളം വിട്ടത്.
യുഎസുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനും ജപ്പാന്‍, ഓസ്‌ട്രേലിയ രാജ്യങ്ങളുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും സന്ദര്‍ശനം സഹായിക്കുമെന്ന് യാത്ര പുറപ്പെടും മുന്‍പ് മോദി പറഞ്ഞിരുന്നു. വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും അമേരിക്കന്‍ യാത്രയില്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.
Landed in Washington DC. Over the next two days, will be meeting @POTUS @JoeBiden and @VP @KamalaHarris, Prime Ministers @ScottMorrisonMP and @sugawitter. Will attend the Quad meeting and would also interact with leading CEOs to highlight economic opportunities in India. pic.twitter.com/56pt7hnQZ8
— Narendra Modi (@narendramodi) September 22, 2021
കോവിഡ്-19 മഹാമാരി ഉള്‍പ്പെടെയുള്ള ആഗോള വെല്ലുവിളികള്‍, ഭീകരവാദവിരുദ്ധ പ്രവര്‍ത്തനം, കാലാവസ്ഥാ വ്യതിയാനം എന്നിവ സംബന്ധിച്ച് ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലിയില്‍ പ്രധാനമന്ത്രി സംസാരിക്കുമെന്ന് യാത്രയ്ക്കു മുന്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അഞ്ചുദിവസത്തെ സന്ദര്‍ശനത്തില്‍ അവസാന പരിപാടിയാണ് മോദിയുടെ യുഎന്‍ ജനറല്‍ അസംബ്ലിയിലെ പ്രസംഗം.
ഇന്ത്യ-യുഎസ് തന്ത്രപ്രധാന സഹകരണം സംബന്ധിച്ചും ആഗോള, പ്രാദേശിക പ്രശ്‌നങ്ങള്‍ സംബന്ധിച്ചും യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ചര്‍ച്ച ചെയ്യുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ശാസ്ത്രം, സാങ്കേതിക വിദ്യ എന്നിവയുമായി ബന്ധപ്പെട്ട മേഖലയിലെ ഇന്ത്യ-യുഎസ് സഹകരണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് വൈസ് പ്രസിഡന്റ് കമല ഹാരിസുമായും മോദി അടുത്ത ദിവസം ചര്‍ച്ച നടത്തുന്നുണ്ട്.
വെള്ളിയാഴ്ച ഇന്ത്യ, യുഎസ്, ഓസ്‌ട്രേലിയ, ജപ്പാന്‍ രാജ്യങ്ങളുടെ സഖ്യമായ ക്വാഡ് ഉച്ചകോടിയില്‍ മോദി പങ്കെടുക്കും. മോദിയെയും ബൈഡനെയും കൂടാതെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിതെ സുഗെ എന്നിവര്‍ ഉച്ചകോടിയില്‍ സംബന്ധിക്കും. സ്‌കോട്ട് മോറിസണുമായും യോഷിഹിതെ സുഗെയുമായി മോദി പ്രത്യേകം കൂടിക്കാഴ്ച നടത്തും.