കൊച്ചി:മലയാള സിനിമയില്‍ ചെറുതും വലുതുമായി ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള താരമാണ് നന്ദു പൊതുവാള്‍. ചെറിയ റോളുകളില്‍ വന്ന് പോവുകയാണെങ്കിലും അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടു. മിമിക്രി വേദികളിലൂടെ അഭിനയത്തിലേക്ക് എത്തിയ താരമാണ് നന്ദു. അങ്ങനെ ദിലീപ് അടക്കമുള്ള നടന്മാരുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നുമുണ്ട്.
ഇപ്പോഴിതാ നടന്‍ ദിലീപിനെ കുറിച്ച് നന്ദു പങ്കുവെച്ച കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ദിലീപ് തനിക്ക് രക്ഷകനായതിനെ കുറിച്ചും അദ്ദേഹത്തിന് ശത്രുക്കളുണ്ടോ എന്നതിനെ പറ്റിയും നന്ദു സംസാരിച്ചത്.
‘എന്റെ രക്ഷകന്‍ ദിലീപാണ്. അത് എവിടെ വേണമെങ്കിലും ഞാന്‍ പറയും. ഞാന്‍ ബോംബെയില്‍ ജോലി ചെയ്യുകയായിരുന്നു. അത് വിട്ട് കലാമേഖലയിലേക്ക് ഇറങ്ങി. ഒരു കലാപ്രസ്ഥാനം തുടങ്ങി. അവിടെ ഒരുപാട് പ്രോഗ്രാമുകള്‍ ചെയ്തു. പിന്നീട് എന്റെ കൂടെ ഉണ്ടായിരുന്ന മെയിന്‍ കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് ദാസേട്ടന്റെ കൂടെ പോയി. അതുപോലെ ബാക്കിയുണ്ടായിരുന്നവര്‍ മറ്റ് പല ജോലികളുമായി പോയി. ഷോ കുറഞ്ഞു. പരിപാടികള്‍ നടത്താതെയായി.
ആയിടയ്ക്കാണ് കലാഭവന്‍ അബി വിളിച്ചിട്ട് നീ നാട്ടിലേക്ക് വാ, നമുക്കിവിടെ പ്രോഗ്രാം ഉണ്ടെന്ന് പറയുന്നത്. ആ സമയത്ത് എന്റെ കല്യാണം കഴിഞ്ഞിരിക്കുകയാണ്. അങ്ങനെ ഇവിടെ വന്നപ്പോള്‍ അബി കൊച്ചിന്‍ സാഗര്‍ എന്ന ട്രൂപ്പ് തുടങ്ങി. അതിലേക്ക് ദിലീപ് അടക്കമുള്ളവരും എത്തി. അവിടുന്നാണ് ദിലീപുമായി കൂടുതല്‍ അടുക്കുന്നത്. ആ പരിചയത്തിലാണ് പലയിടത്തും എന്നെ സിനിമയിലേക്ക് കൂടുതല്‍ പരിചയപ്പെടുത്തുന്നത്.
ഞങ്ങള്‍ ഒരുമിച്ച് നിരവധി പരിപാടികളും കാസറ്റുകളും ചെയ്തു. ആ ഒരു സുഹൃദ്ബന്ധത്തിന്റെ പുറത്ത് പലയിടത്തും അവന്‍ എന്നെ ഇന്‍ട്രഡ്യൂസ് ചെയ്യാറുണ്ട്. മലയാളം സിനിമ ലോകത്തെ പ്രത്യേക രീതിയില്‍ കൊണ്ടുവന്നത് ദിലീപാണ്. ഒരോരുത്തരായി അവന് ശത്രുക്കളായി അതെല്ലാം അങ്ങനെ പോയി. ദിലീപായിട്ട് ശത്രുക്കളെ ഉണ്ടാക്കിയതായി എനിക്ക് അറിയില്ല. എന്തിനാണ് ഈ ശത്രുത എന്നതും അറിയില്ല. പിന്നെ ഇക്കാര്യങ്ങളിലേക്ക് നമ്മള്‍ അധികമായി ഇറങ്ങിച്ചെല്ലാറില്ലെന്നും നന്ദുപൊതുവാള്‍ വ്യക്തമാക്കുന്നു. .
വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് ഇടപെടാറോ സംസാരിക്കുകയോ ചെയ്യാറില്ല. അവന്റെ വളർച്ചയില്‍ ചിലർക്കൊക്കെ അസൂയ ഉണ്ടായതായും അതുകൊണ്ടാണ് ദിലീപിനെ നശിപ്പിച്ചതെന്നുമൊക്കെ പറയുന്നു. ഇത്രയും വർഷത്തെ ബന്ധമുണ്ടെങ്കിലും നടന്ന സംഭവത്തെ കുറിച്ചോ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചോ ഞങ്ങള്‍ പരസ്പരം സംസാരിച്ചിട്ടില്ല.
ദിലീപിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ പവി കെയർടേക്കർ എന്ന സിനിമയിലെ ചില രംഗങ്ങളൊക്കെ നല്ല കോമഡിയായിരുന്നു. എന്നാല്‍ പൊടിതട്ടിവീഴുന്ന രംഗങ്ങളൊക്കെ പഴയതാണ്. എന്തൊക്കെ പറഞ്ഞാലും കോമഡി ചെയ്യാന്‍ നല്ല കഴിവുള്ള വ്യക്തിയാണ് ദിലീപ്. ഇപ്പോഴും ദിലീപ് അത് ചെയ്താല്‍ നന്നാകും. ശക്തമായി തന്നെ അദ്ദേഹം സിനിമ മേഖലയിലേക്ക് തിരിച്ച് വരും. ആ തിരിച്ച് വരവിനെ എതിർക്കാനോ തളർത്താനോയൊന്നും ആരും മുന്നോട്ട് വരില്ല. അതൊക്കെ ചില മീഡിയകള്‍ ഉണ്ടാക്കുന്നതാണ്. അങ്ങനെ സിനിമ രംഗത്ത് ആർക്കും അങ്ങനെ വലിയ ശത്രുതയൊന്നും ഇല്ല.
ഒരു ആർട്ടിസ്റ്റുകള്‍ തമ്മിലും ഈഗോയുള്ളതായി ഞാന്‍ പുറത്ത് കണ്ടിട്ടില്ല. ഉള്ളില്‍ ഉണ്ടോയെന്ന കാര്യം അവർക്ക് മാത്രമേ അറിയൂ. എല്ലാവരും നല്ല ബന്ധമാണ്. അമ്മയുടെ കുടുംബ സംഗമത്തില്‍ എല്ലാ താരങ്ങളും ഉണ്ടായിരുന്നു. അവിടേയൊന്നും ആരും തമ്മില്‍ ഒരു ഈഗോയും ഇല്ല. പിന്നെ ആരാണ് ഇതൊക്കെ പറഞ്ഞുണ്ടാക്കുന്നതെന്ന് ഞാനിങ്ങനെ ആലോചിക്കും
മമ്മൂക്ക വളരെ പെട്ടെന്ന് ദേഷ്യപ്പെടുന്ന വ്യക്തിയൊക്കെയാണെങ്കിലും എനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. മമ്മൂട്ടി എന്നോട് ദേഷ്യപ്പെടുകയോ എനിക്ക് ദേഷ്യം തോന്നുന്ന സാഹചര്യങ്ങളോ ഉണ്ടായിട്ടില്ല. അദ്ദേഹവുമായി ഞാന്‍ ആകെ കുറച്ച് പടങ്ങളിലെ പ്രവർത്തിച്ചിട്ടുള്ളു. പിന്നെ അദ്ദേഹത്തെ കാണുന്നത് അമ്മ പരിപാടിയിലും ഷോയിലുമൊക്കെയാണ്. അപ്പോള്‍ നല്ല രീതിയില്‍ സംസാരിക്കും. ലാല്‍ സാറുമായും ദിലീപുമായും ചെയ്ത അത്രയും പടം പുള്ളിയുമായി ചെയ്തിട്ടില്ലെന്നും നന്ദു പൊതുവാള്‍ കൂട്ടിച്ചേർക്കുന്നു.