നമ്പി നാരായണന് 1.3 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം
തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ ഇരയാക്കപ്പെട്ട ശാസ്ത്രജ്ഞന്‍ നമ്പി നാരായണനു 1.3 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. അദ്ദേഹം തിരുവനന്തപുരം സബ് കോടതിയില്‍ ഫയല്‍ ചെയ്ത കേസ് ഒത്തുതീര്‍പ്പാക്കുന്നതിനു 1.3 കോടി രൂപ നല്‍കണമെന്ന ശിപാര്‍ശ തത്വത്തില്‍ അംഗീകരിക്കാനാണു തീരുമാനിച്ചത്. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം നല്‍കിയ 50 ലക്ഷം രൂപയ്ക്കും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത 10 ലക്ഷം രൂപയ്ക്കും പുറമേയാണിത്.
നിയമവിദഗ്ധരുമായി ആലോചിച്ച് തയാറാക്കുന്ന ഒത്തുതീര്‍പ്പുകരാര്‍ തിരുവനന്തപുരം സബ്കോടതിയില്‍ സമര്‍പ്പിക്കാനും കോടതിയുടെ തീരുമാനപ്രകാരം തുടര്‍നടപടി സ്വീകരിക്കാനും തീരുമാനിച്ചു. നമ്പി നാരായണന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിശോധിക്കാനും കേസ് രമ്യമായി തീര്‍പ്പാക്കാനുമുള്ള ശിപാര്‍ശ സമര്‍പ്പിക്കുന്നതിന് മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹം നല്‍കിയ ശിപാര്‍ശയിലാണു മന്ത്രിസഭയുടെ തീരുമാനം.