ന്യൂഡല്‍ഹി: ആര്‍എസ്എസിന്റെ ആവശ്യകതയില്‍ നിന്നുമാറി ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചുവെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡ. ആര്‍എസ്എസ് പ്രത്യയശാസ്ത്ര സഖ്യമാണെന്നും അത് അതിന്റെ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ പറഞ്ഞു.
ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നഡ്ഡയുടെ പ്രതികരണം. അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്തും ഇപ്പോഴും ആര്‍എസ്എസിന്റെ സാന്നിധ്യത്തിലുണ്ടായ മാറ്റം സംബന്ധിച്ച ചോദ്യത്തിനായിരുന്നു നഡ്ഡയുടെ പ്രതികരണം. തുടക്കകാലത്ത് പാര്‍ട്ടിക്ക് ശക്തി കുറവായിരുന്നു. അന്ന് ആര്‍എസ്എസിനെ ആവശ്യമായി വന്നിരുന്നു. ഇന്ന് ഞങ്ങള്‍ വളര്‍ന്ന് കരുത്തുള്ള പാര്‍ട്ടിയായി. ബിജെപി ഇപ്പോള്‍ സ്വയം പര്യപ്തതയോടെയാണ് പ്രവര്‍ത്തിക്കുന്നത്’ നഡ്ഡ പറഞ്ഞു.
ബിജെപിക്ക് ഇപ്പോള്‍ ആര്‍എസിഎസിന്റെ പിന്തുണ ആവശ്യമില്ലേയെന്ന ചോദ്യത്തിന് നഡ്ഡ ഇങ്ങനെ മറുപടി നല്‍കി,’നോക്കൂ പാര്‍ട്ടി വളര്‍ന്നു. എല്ലാവര്‍ക്കും അവരവരുടെ ചുമതലകളും റോളുകളും ലഭിച്ചു. ആര്‍എസ്എസ് ഒരു സാംസ്‌കാരിക സാമൂഹിക സംഘടനയാണ്, ഞങ്ങളൊരു രാഷ്ട്രീയ സംഘടനയാണ്. ആര്‍എസ്എസ്സുമായുള്ളത് പ്രത്യയശാസ്ത്ര സഖ്യമാണ്. ഞങ്ങള്‍ ഞങ്ങളുടെ കാര്യങ്ങള്‍ സ്വന്തം രീതിയില്‍ കൈകാര്യം ചെയ്യുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യേണ്ടതും അതാണ്’.
കാശിയിലും മഥുരയിലും തര്‍ക്കപ്രദേശത്ത് ക്ഷേത്രം പണിയാന്‍ ബിജെപിക്ക് പദ്ധതിയില്ലെന്നും നഡ്ഡ അഭിമുഖത്തില്‍ പറഞ്ഞു.