32.8 C
Kottayam
Friday, April 26, 2024

പാർട്ടിയ്ക്കുള്ളിൽ ഗൂഡാലോചന,ഉപകരാറെടുത്ത കമ്പനിയുമായി തന്‍റെ മകന് ബന്ധമില്ലെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവ് എൻ വേണുഗോപാൽ

Must read

കൊച്ചി: ബ്രഹ്മപുരത്തെ ബയോമൈനിംഗിൽ ഉപകരാറെടുത്ത കമ്പനിയുമായി തന്‍റെ മകന് ബന്ധമില്ലെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവ് എൻ വേണുഗോപാൽ. എന്നാൽ, ആരഷ് മീനാക്ഷി എൻവയറോകെയർ കമ്പനിയുടെ എം ഡി വെങ്കിട് മകന്റെ സുഹൃത്താണെന്നും വർഷങ്ങളായി ഇരുവരും തമ്മിൽ സൗഹൃദം ഉണ്ടെന്നും വേണുഗോപാൽ പറഞ്ഞു.

കരാറിൽ മകൻ ഒപ്പ് വെച്ചിട്ടുണ്ടോ എന്ന കാര്യവും അറിയില്ലെന്ന് വേണുഗോപാൽ കൂട്ടിച്ചേർത്തു. വെങ്കിടിന്‍റെ അച്ഛനുമായി തനിക്കും പരിചയമുണ്ട്. എന്നാൽ കമ്പനിയുമായി ബന്ധമില്ലെന്ന് എൻ വേണുഗോപാൽ പറയുന്നു.

കോൺഗ്രസ് നേതാവ് എൻ വേണുഗോപാലിന്‍റെ അടുത്ത ബന്ധുവിന് കമ്പനിയുമായി ബന്ധമുണ്ടെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍, ആരഷ് മീനാക്ഷി എൻവയറോ കെയർ എന്ന കമ്പനിയുമായി തനിക്കോ മകനോ മരുമകനോ ഒരു ബന്ധവുമില്ലെന്നാണ് വേണുഗോപാൽ ഇന്നലെ പറഞ്ഞത്.

ആരോപണങ്ങൾ നിഷേധിച്ചും കൊച്ചിയിലെ കോൺഗ്രസ് പാർട്ടിക്കുള്ളിലെ ചിലരുടെ ഗൂഢാലോചന തനിക്കെതിരെ നടക്കുന്നതായും ഉന്നയിച്ചുമായിരുന്നു എൻ വേണുഗോപാലിന്‍റെ പ്രതികരണം. ഒരു അടിസ്ഥാനവുമില്ലാതെ പ്രചാരണമാണ് തനിക്കെതിരെ നടക്കുന്നത്.

ജിജെ എക്കോ പവർ എന്ന നേരത്തെ മാലിന്യ സംസ്കരണ കരാർ ഏറ്റെടുത്ത കമ്പനിയ്ക്കായി മുൻ യുഡിഎഫ് കൗൺസിൽ അടക്കം 12 വർഷമായി മാലിന്യം ശേഖരിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നും അക്കാലത്തെ ഭരണസമിതി ഇതിന് മറുപടി പറയണമെന്നും വേണുഗോപാല്‍ പറഞ്ഞിരുന്നു.

എന്നാല്‍, ബിജെപി ആരോപണം ബലപ്പെടുത്തുന്ന രേഖയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സോണ്‍ട ഉപകരാര്‍ നല്‍കിയതിൽ സാക്ഷിയായി ഒപ്പിട്ട ഒരാൾ വേണുഗോപാലിന്റെ മകൻ വി വിഘ്നേഷാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നത്. ആരഷ് മീനാക്ഷി എൻവയറോ കെയറിന് വേണ്ടിയാണ് വി വിഘ്നേഷ് ഒപ്പിട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week