ബെംഗളൂരു: മൈസൂരു കൂട്ടബലാത്സംഗക്കേസിൽ പ്രതികൾ പോലീസ് കസ്റ്റഡിയിലായെന്ന് സൂചന. തമിഴ്നാട്ടിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.അതിനിടെ, മൈസൂരു കൂട്ടബലാത്സംഗക്കേസിൽ ‘ഓപ്പറേഷൻ’ വിജയമാണെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പ്രതികരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് മന്ത്രി മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ കേസുമായി ബന്ധപ്പെട്ട കൂടുതൽവിവരങ്ങൾ പുറത്തു വിടുമെന്നാണ് വിവരം.
ചൊവ്വാഴ്ച രാത്രിയാണ് ഉത്തരേന്ത്യൻ സ്വദേശിയായ എം.ബി.എ. വിദ്യാർഥിനി മൈസൂരുവിൽ കൂട്ടബലാത്സംഗത്തിനിരയായത്. ഒപ്പമുണ്ടായിരുന്ന വിദ്യാർഥിയെ മർദിച്ചവശനാക്കിയ ശേഷമാണ് പ്രതികൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഇപ്പോഴും ചികിത്സയിലാണ്.
നാല് പേരാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തതെന്നാണ് പോലീസ് നൽകുന്നവിവരം. ഇവർ മൈസൂരുവിലെ എൻജിനീയറിങ് വിദ്യാർഥികളാണെന്നും ഇതിൽ മൂന്നുപേർ മലയാളികളാണെന്നും ഒരാൾ തമിഴ്നാട് സ്വദേശിയാണെന്നും പോലീസ് സൂചന നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമില്ല. അതിനിടെ, ആറുപേരടങ്ങുന്ന സംഘമാണ് ബലാത്സംഗം ചെയ്തതെന്നാണ് പെൺകുട്ടിയുടെ മൊഴി.
മൈസൂരുവിൽ പഠിക്കുന്ന പ്രതികൾ സംഭവത്തിനുശേഷം രക്ഷപ്പെട്ടെന്നായിരുന്നു വിവരം. അടുത്തദിവസം കോളേജിൽ നടന്ന പരീക്ഷയ്ക്കും ഇവർ ഹാജരായിരുന്നില്ല. മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെ കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. പ്രതികളെ കണ്ടെത്താനായി കർണാടകയിൽനിന്നുള്ള പോലീസ് സംഘം കഴിഞ്ഞദിവസം തന്നെ കേരളത്തിൽ എത്തിയതായാണ് വിവരം. ഇതിനുപിന്നാലെയാണ് പ്രതികൾ തമിഴ്നാട്ടിൽ പിടിയിലായെന്ന സൂചനയും പുറത്തുവരുന്നത്./