KeralaNews

ആർ. എസ്. എസിന്റെ അച്ചടക്കം മറ്റൊരു പരിപാടിക്കും കണ്ടിട്ടില്ല ; വിജയദശമി മഹോത്സവത്തിൽ വിശിഷ്ടാതിഥിയായി ഔസേപ്പച്ചൻ

തൃശ്ശൂർ : തൃശ്ശൂരിൽ നടന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വിജയദശമി മഹോത്സവത്തിൽ വിശിഷ്ടാതിഥിയായി പ്രമുഖ സംഗീത സംവിധായകൻ ഔസേപ്പച്ചൻ പങ്കെടുത്തു. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന ആര്‍എസ്എസിന്റെ ജന്മദിന ആഘോഷ പരിപാടിയിലെ വിശിഷ്ടാതിഥി ആയിരുന്നു അദ്ദേഹം. നാടിനു വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന സ്വയംസേവകർക്ക് അഭിനന്ദനങ്ങൾ അർപ്പിക്കുന്നതായി അദ്ദേഹം അറിയിച്ചു.

സംഘത്തിലെ പോലെ അച്ചടക്കം ഇതിനു മുൻപ് മറ്റു പരിപാടികൾക്ക് കണ്ടിട്ടില്ലെന്ന് ഔസേപ്പച്ചൻ തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി. ആർഎസ്എസ് ഒരു വിശാലമായ സംഘടനയാണ്. ഈ വേദി എല്ലാവരെയും കൈനീട്ടി സ്വീകരിക്കുന്നു. യോഗ ചെയ്യുന്നതും അച്ചടക്കം പാലിക്കുന്നതും ആർഎസ്എസ് നല്‍കിയ പാഠങ്ങളാണ്. മറ്റുള്ളവരെ ബഹുമാനിക്കാനും സ്‌നേഹിക്കാനുമുള്ള പാഠങ്ങളാണ് ഇവിടെ പഠിക്കുന്നതെന്നും ഔസേപ്പച്ചൻ വ്യക്തമാക്കി.

മുൻപ് തനിക്ക് ആർഎസ്എസിനെ കുറിച്ച് അധികമൊന്നും അറിയില്ലായിരുന്നു. എന്നാൽ കൂടുതൽ അറിഞ്ഞപ്പോഴാണ് ഒരു നാട് നന്നാക്കാനായി അഹോരാത്രം പ്രയത്നിക്കുന്നവരാണ് സംഘത്തിലുള്ളവർ എന്ന് മനസ്സിലായത്. അവർക്ക് പ്രണാമം അർപ്പിക്കുന്നു. സംഗീതത്തിൽ ഏറ്റവും വലിയൊരു ഘടകമാണ് അച്ചടക്കം.

ആർഎസ്എസിന്റെ പരിപാടികളിൽ കാണുന്ന അച്ചടക്കം മറ്റെവിടെയും കാണാൻ കഴിയില്ല. അവരുടെ ശരീരത്തിന്റെ അനക്കത്തിലും കയ്യടികളിൽ പോലും ആ അച്ചടക്കം നമുക്ക് കാണാൻ കഴിയും. യാതൊരു സങ്കുചിതത്വവും ഇല്ലാതെ എല്ലാം വിശാലമായി കാണുന്ന കാഴ്ചപ്പാടാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റേത് എന്നും ഔസേപ്പച്ചൻ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker