തിരുവനന്തപുരം: കരമന അഖിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് കാറിലെത്തിയ സംഘം കരമന സ്വദേശി അഖിലിനെ (22) കൊലപ്പെടുത്തിയത്. അഖിലിനെ കൊലപ്പെടുത്തിയത് ക്രൂരമായാണെന്ന് സിസി ടിവി ദൃശ്യങ്ങളിലുടെ തെളിഞ്ഞു.
കമ്പിവടി കൊണ്ട് പലതവണ തലയ്ക്കടിച്ചും ആറുതവണ ശരീരത്തിലേക്ക് ഭാരമുള്ള കല്ലെടുത്തെറിഞ്ഞുമാണ് കൊല നടത്തിയെന്നാണ് ദൃശ്യങ്ങളിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നതെന്ന് പൊലീസ് പറഞ്ഞു.
കൂടാതെ അഖില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നിലത്തിട്ട് ആക്രമിച്ചു. ആക്രമണം മൂന്നുപേര്‍ സംഘം ചേര്‍ന്നാണ് നടത്തിയത്. കരമന അനന്തു വധക്കേസ് പ്രതി കിരണ്‍ കൃഷ്ണനും സംഘവുമാണ് കൃത്യത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. വിനീഷ്, അനീഷ് അപ്പു എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്ന മറ്റ് രണ്ടുപേര്‍. കിരണ്‍ കൃഷ്ണയാണ് ഇന്നോവ ഓടിച്ചത്. വട്ടപ്പാറ സ്വദേശിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞയാഴ്ച ബാറില്‍ വെച്ച് അഖിലും ഒരു സംഘവും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായിരുന്നു. ഇതാണ് കൊലയില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മത്സ്യ കച്ചവടം നടത്തിവന്നയാളാണ് അഖില്‍. അക്രമണത്തിനിടെ അഖിലിന്റെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. സംഘര്‍ഷം നടന്ന ബാറിലെ അടക്കം സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കാന്‍ ഒരുങ്ങുകയാണ്.