
കൊച്ചി: മോഹന്‍ലാല്‍-പൃഥ്വിരാജ്-മുരളി ഗോപി കൂട്ടുകെട്ടിലെത്തിയ എമ്പുരാന്‍, റിലീസിന് പിന്നാലെ വലിയ ചര്‍ച്ചയായി മാറുകയാണ്. സിനിമ പ്രമേയമാക്കിയ വിഷയം തന്നെയാണ് അതിന് പ്രധാന കാരണം. രാജ്യത്തെ തീവ്ര വലത് വര്‍ഗീയ രാഷ്ട്രീയത്തെ ചിത്രം പ്രേക്ഷകന് മുന്നില്‍ തുറന്നുകാട്ടുന്നുന്നുണ്ട്.
തന്റെ തിരക്കഥകളെ കുറിച്ചും സംവിധായകന്‍ പൃഥ്വിരാജിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് തിരക്കഥാകൃത്ത് മുരളി ഗോപി. തന്നൊടൊപ്പം ഒരു സിനിമ ചെയ്യണം എന്ന് പറഞ്ഞുവരുന്നവര്‍ക്കൊപ്പമാണ് താന്‍ സിനിമ ചെയ്യാറെന്ന് മുരളി ഗോപി പറയുന്നു.
ഒപ്പം വര്‍ക്ക് ചെയ്തവരില്‍ എന്തുകൊണ്ടാണ് പൃഥ്വി തന്റെ ഏറ്റവും ഫേവറൈറ്റ് ഡയറക്ടര്‍ ആയതെന്നും 2023 ല്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കേരളയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മുരളി ഗോപി പറയുന്നുണ്ട്. എന്നൊടൊപ്പം ഒരു സിനിമ ചെയ്യണം എന്ന് പറഞ്ഞുവരുന്നവര്‍ക്കൊപ്പമാണ് ഞാന്‍ സിനിമ ചെയ്യാറുള്ളത്. അപ്പോള്‍ നാച്ചുറലി ഞാന്‍ എന്താണ് എഴുതുകയെന്ന കാര്യം മനസിലാക്കിയവരായിരിക്കും അവര്‍.
അതിന്റെ ഒരു ഡിവൈസിനോടും നരേറ്റീവ് സ്‌റ്റൈലിനോടുമൊക്കെ അവര്‍ക്ക് താത്പര്യമുണ്ടാകും. എന്റെ സിനിമയുടെ കമ്യൂണിക്കേഷന്‍ സാധ്യാകുക ഞാനും എന്റെ സംവിധായകനുമായുള്ള ആ ബ്രിഡ്ജ് വളരെ സ്‌ട്രോങ് ആയി ഇരിക്കുമ്പോള്‍ മാത്രമാണ്.
അപ്പോള്‍ മാത്രമേ എന്റെ ടൈപ്പ് ഓഫ് സിനിമകള്‍ സ്‌ക്രീനില്‍ നന്നായിട്ട് ട്രാന്‍സ്ലേറ്റ് ചെയ്യപ്പെടൂ. സംവിധായകനുമായുള്ള എന്റെ ബന്ധം വളരെ പ്രധാനപ്പെട്ടതാണെന്ന് കരുതുന്ന ഒരാളാണ് ഞാന്‍.
ഞാന്‍ വളരെ ഡീറ്റെയില്‍ ആയിട്ട് സ്‌ക്രിപ്റ്റ് എഴുന്ന ആളാണ്. അതിന്റെ പാരലല്‍ ലൈന്‍സില്‍ ഒരുപാട് കാര്യങ്ങള്‍ എഴുതും. ഈ അടുത്തകാലത്തും ലെഫ്റ്റ് റൈറ്റും കമ്മാരസംഭവവും ടിയാനും ലൂസിഫറിലും വരെ സൗണ്ടും ആര്‍ട്ടിന്റെ കാര്യങ്ങളും വരെ എഴുതിയിട്ടുണ്ട്.
രാജുവിനെ കുറിച്ച് പറഞ്ഞാല്‍ അദ്ദേഹം അതിനെ ഫുള്‍ ബൈ ഹാര്‍ട്ട് ചെയ്യും. അങ്ങനെ ഒരു സ്‌കില്‍ അദ്ദേഹത്തിന് ഉണ്ട്. മാത്രമല്ല എല്ലാ സംശയങ്ങളും അതിന് മുന്‍പ് ചോദിച്ച് തീര്‍ത്ത് സിനിമയെ കുറിച്ച് വളരെ വ്യക്തമായ ഒരു ഐഡിയ ഉണ്ടാക്കും.
എന്തൊക്കെയാണ് പേപ്പറില്‍ എഴുതിയത്. അതില്‍ എന്താണ് ഉള്ളത് എന്നത് മനസിലാക്കിയ ശേഷമാണ് പുള്ളി ഷോട്ട് ഡിവിഷന്‍സ് ചെയ്യുക. അത്രയും അണ്ടര്‍സ്റ്റാന്റിങ് പൃഥ്വിക്ക് ഉണ്ട്. വളരെ സ്റ്റുഡിയസ് ആയിട്ടുള്ള ഒരു ഫിലിം മേക്കറാണ് അദ്ദേഹം. അതിനായി അദ്ദേഹം ഒരുപാട് എഫേര്‍ട്ട് ഇടാറുണ്ട്.
സംവിധായകന്‍ സക്രിപ്റ്റിനെ എന്‍ഹാന്‍സ് ചെയ്യുന്നതിനേക്കാള്‍ എഴുത്തുകാരന്‍ എന്ന നിലയില്‍ ഞാന്‍ ഡിമാന്റ് ചെയ്യുന്നത് ആ സ്‌ക്രിപ്റ്റിനെ അവര്‍ മനസിലാക്കുക, ആ ലെയറിങ് മനസിലാക്കുക എന്നതാണ്.
ഒരു ഡയലോഗിന് പിന്നിലുള്ള തോട്ട് എന്താണെന്ന് മനസിലാക്കുക. അങ്ങനെ മനസിലാക്കി കഴിഞ്ഞാല്‍ ആ ബ്രിഡ്ജ് ഫൈന്‍ ആണ്. പിന്നെ പോസിറ്റീവ് ഇംപ്രവൈസേഷനും വീക്കന്‍ ചെയ്യുന്ന ഇംപ്രവൈസേഷനും ഉണ്ട്.
ഇതിനിടെ കോണ്‍ഫ്‌ളിക്ട് തീര്‍ച്ചയായും ഉണ്ടാകും. എങ്കിലും ഒടുവില്‍ അതില്‍ താദാത്മ്യം ഉണ്ടാകം. ഒരു യൂണിയന്‍ ഉണ്ടാകും. അതാണ് സിനിമയുടെ സക്‌സസ് തീരുമാനിക്കുക.
അക്കാര്യത്തില്‍ ഞാന്‍ വര്‍ക്ക് ചെയ്തിരിക്കുന്ന ഡയറക്ടേഴ്‌സില്‍ എനിക്ക് ഏറ്റവും ഫേവറൈറ്റ് പൃഥ്വിരാജ് തന്നെയാണ്. അദ്ദേഹം എക്‌സ്ട്രീമിലി സ്റ്റുഡിയസ് ആണ്.
തിരക്കഥ പഠിക്കുക എന്നൊന്നുണ്ട്. അതിന് പിന്നില്‍ ഒരുപാട് എലമെന്റ്‌സ് ഉണ്ടാകും. ചരിത്രം, സോഷ്യോളജിക്കല്‍ ലെയറിങ് അങ്ങനെ ഒരുപാട് ലെയേര്‍സ് ഉണ്ടാകും.
ഒരു ഡയലോഗോ ഒരു സീനോ എഴുതുന്നതും അത് ഒരു പ്രത്യേക സ്ഥലത്ത് പ്ലേസ് ചെയുന്നതും എന്തിനാണെന്ന് മനസിലാക്കുകയും സംശയങ്ങള്‍ ചോദിക്കുകയും അതിനെ അടിസ്ഥാനമാക്കി, സിനിമയെ മനസിലാക്കി ഡയറക്ട് ചെയ്യുക എന്നതുമാണ് അതിന്റെ പ്രോസസ്. അത് ഭയങ്കരമായി പൃഥ്വിയുടെ കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്.
പിന്നെ എഴുതുമ്പോള്‍ ഇത് ആരെയൈാക്കെ ഏതൊക്കെ രീതിയില്‍ ബാധിക്കും എന്നൊന്നും ചിന്തിക്കാറില്ല, അങ്ങനെ ചിന്തിച്ചാല്‍ പേന ചലിപ്പിക്കാന്‍ ആവില്ല.
ഇത് എത്ര പേരെ ബാധിക്കുമെന്നൊക്കെ ചിന്തിച്ച് എഴുതാതിരിക്കുന്നതില്‍ ബെനഫിറ്റ് ഉണ്ടാകും. പക്ഷേ അത് നമ്മള്‍ കലയോടും ആ ക്രാഫ്റ്റിനോടും ചെയ്യുന്ന ചതിയാണ്. അപ്പോഴുള്ള ചിലരുടെ നോഡിന് വേണ്ടി നമ്മുടെ മനസിലുള്ളത് എഴുതാതിരിക്കുന്നത് തെറ്റാണ്,’ മുരളി ഗോപി പറഞ്ഞു.