കനത്ത മഴ: മുംബൈയിൽ 18 മരണം, പൊതു അവധി, റെയിൽ – വ്യോമ ഗതാഗതം തടസപ്പെട്ടു
മുംബൈ :മണിക്കൂറുകളായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് മുംബൈ നഗരം വെള്ളത്തിലായി. വിവിധയിടങ്ങളിലായി കെട്ടിടം ഇടിഞ്ഞു വീണ് 18 പേർ മരിച്ചു. മലഡിൽ 12 പേർക്കും പൂനയിൽ 6 പേർക്കുമാണ് ജീവൻ നഷ്ടമായത്.മഴ ശക്തമായി തുടരുന്ന ഗ്രേറ്റർ മുംബൈയിൽ സർക്കാർ – സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധി നൽകി.
ഇന്നലെ രാത്രിയിൽ നിർത്താതെ പെയ്ത മഴയിൽ റെയിൽവേ ട്രാക്കുകൾ വെള്ളം നിറഞ്ഞു.ഇത് പ്രാദേശിക റയിൽ ഗതാഗതത്തെ സാരമായി ബാധിച്ചു. ചില പ്രാദേശിക– ദൂര യാത്രാ ട്രെയിനുകളൊക്കെ വൈകിയാണ് ഓടുന്നത്. ചിലതൊക്കെ റദ്ദാക്കുകയും ചെയ്തു. വ്യോമഗതാഗതവും നിർത്തിവച്ചിരിയ്ക്കുകയാണ്.
ഇന്നലെ അർദ്ധരാത്രി 360 മില്ലിമീറ്റർ മഴയാണ് മുംബൈയിൽ ലഭിച്ചത്. ഇന്ന് രാവിലെ നാലിനും അഞ്ചിനും ഇടയിൽ മാത്രം 100 മില്ലിമീറ്റർ വരെ മഴ ലഭിച്ചു. 2015 ജൂൺ 29 ഒഴിച്ച് മറ്റെല്ലാ വർഷവും മഴ 200 മില്ലിമീറ്ററിനു താഴെയായിരുന്നു. 2015ൽ നഗരത്തിൽ 283.4 മില്ലിമീറ്റർ മഴ പെയ്തിരുന്നു. 2017ൽ ഈ ദിവസം 91.2 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാട്ടി. മുംബൈ, താനെ, റെയ്ഗഡ്, പല്ഗാർ എന്നീ പ്രദേശങ്ങളിൽ അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
മുംബൈ–വൽസാദ്–സൂററ്റ് എന്നീ പ്രദേശങ്ങളിലേക്കുള്ള റയിൽ സർവീസുകൾ പൽഗാർ പ്രദേശത്തെ വെള്ളപ്പൊക്കത്തെ തുടർന്ന് റദ്ദാക്കിയിരുന്നു. എന്നാൽ സർവീസുകൾ രാവിലെ എട്ടരയോടെ പുനസ്ഥാപിച്ചുവെന്ന് വെസ്റ്റേൺ റിയൽവേ ട്വീറ്റ് ചെയ്തു. സിയോൺ, മാറ്റുഗ, മുംബൈ സെൻട്രൽ എന്നിവിടങ്ങളിലും പാളം മുങ്ങിയതിനെ തുടർന്ന് റയിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു.
കനത്ത മഴയിൽ ബാന്ദ്രയ്ക്കടുത്ത് ഖാറിലെ അടിപ്പാതയിൽ കഴിഞ്ഞ ദിവസം രാവിലെ വെള്ളം പൊങ്ങി. കാറ്റിലും മഴയിലും ഇതുവരെ മുംബൈ നഗരത്തിൽ 150 മരങ്ങൾ കടപുഴകുകയോ, ഒടിഞ്ഞുവീഴുകയോ ചെയ്തതായി ബിഎംസി അറിയിച്ചു. മുംബൈ നഗരത്തിലേക്ക് ശുദ്ധജലം എത്തിക്കുന്ന 4 അണക്കെട്ടുകളിലും ജലനിരപ്പ് ഉയർന്നു. മുംബൈയിൽ ജൂണിൽ ലഭിക്കേണ്ട മഴയുടെ 97% മഴ ഏതാനും ദിവസങ്ങൾക്കൊണ്ടു ലഭിച്ചെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വെളിപ്പെടുത്തിയത്. 10 വർഷത്തിനിടെ നഗരത്തിൽ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ രണ്ടാമത്തെ മഴ ലഭിച്ച ദിവസമാണ് ശനിയാഴ്ച.