ഹൈദരാബാദ്: ഐപിഎല്‍ 2024-ല്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യന്‍സ്. അഞ്ചു തവണ കിരീടം നേടിയ മുംബൈ മറക്കാനാഗ്രഹിക്കുന്ന സീസണായിരുന്നു ഇത്തവണത്തേത്. ബുധനാഴ്ച നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആധികാരിക ജയം നേടിയതോടെയാണ് മുംബൈ ഔദ്യോഗികമായി പുറത്തായത്. മുംബൈ ക്യാപ്റ്റനായുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ ആദ്യ സീസണ്‍ ഇതോടെ നിരാശ നിറഞ്ഞതായി.
ഇതുവരെ 12 മത്സരങ്ങളില്‍ നിന്ന് നാലു ജയം മാത്രമുള്ള മുംബൈ നിലവില്‍ ഒമ്പതാം സ്ഥാനത്താണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ജയിച്ചാലും അവര്‍ക്കിനി ആദ്യ നാലിലെത്താന്‍ സാധിക്കില്ല.
ഐ.പി.എല്ലിൽ വാംഖണ്ഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ മുംബൈ ഇന്ത്യൻസ് കഴിഞ്ഞ ദിവസം ഏഴു വിക്കറ്റിന് തകര്‍ത്തെങ്കിലും രോഹിത്ത് വീണ്ടും ആരാധകരെ നിരാശപ്പെടുത്തി.
അഞ്ചു പന്തിൽ നാലു റൺസെടുത്ത താരം പാറ്റ് കമ്മിൻസിന്‍റെ പന്തിൽ വിക്കറ്റ് കീപ്പർ ഹൻറിച്ച് ക്ലാസന് ക്യാച്ച് നൽകി മടങ്ങി. പിന്നാലെ ഡ്രസ്സിങ് റൂമിൽ നിരാശനായി ഇരിക്കുന്ന താരത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ടീമിന്‍റെ നായക പദവിയിൽനിന്ന് ഒഴിവാക്കപ്പെട്ട ഹിറ്റ്മാൻ ഐ.പി.എൽ നടപ്പു സീസണിലെ ആദ്യത്തെ ഏഴു മത്സരങ്ങളിൽ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്.
ചെന്നൈ സൂപ്പർ കിങ്സിനെതിരെ നേടിയ അപരാജിത സെഞ്ച്വറിയും (105*) ഡൽഹിക്കെതിരെ നേടിയ 49 റൺസും ഉൾപ്പെടെ 297 റൺസെടുത്തു. എന്നാൽ, പിന്നീടുള്ള അഞ്ചു മത്സരങ്ങളിൽ 34 റൺസ് മാത്രമാണ് താരത്തിന് നേടാനായത്.
കമ്മിൻസിന്‍റെ ഒരു ഗുഡ് ലെങ്ക്ത് പന്താണ് താരത്തെ പുറത്താക്കിയത്. താലതാഴ്ത്തിയാണ് താരം ഗ്രൗണ്ട് വിട്ടത്. ഡ്രസ്സിങ് റൂമിൽ നിറഞ്ഞ കണ്ണുകളുമായി ഇരിക്കുന്ന രോഹിത്തിന്‍റെ ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു. ഇടക്കിടെ താരം കണ്ണുകൾ തുടക്കുന്നതും കാണാനാകും. രോഹിത്തിനെ ഇതിന് മുമ്പ് ഇങ്ങനെ കണ്ടിട്ടില്ലെന്നാണ് ഒരു ആരാധകൻ പ്രതികരിച്ചത്. താരം ശക്തമായി തിരിച്ചുവരുമെന്നും ആരാധകർ പ്രത്യാശ പ്രകടിപ്പിച്ചു. സീസൺ ഗംഭീരമായി തുടങ്ങിയ രോഹിത്തിന് താളം നഷ്ടപ്പെട്ടതായി മുൻ ഇന്ത്യൻ താരം ആകാശ ചോപ്ര പ്രതികരിച്ചു.
‘ഞാൻ ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് രോഹിത് ശർമയിലാണ്, കാരണം രാജസ്ഥാൻ, ഡൽഹി, ലഖ്‌നോ, കൊൽക്കത്ത എന്നിവർക്കെതിരായ കഴിഞ്ഞ മത്സരങ്ങളിൽ അദ്ദേഹത്തിന്‍റെ ഉയർന്ന സ്‌കോർ 11 ആണ്. മികച്ച തുടക്കമായിരുന്നു. സെഞ്ച്വറി നേടി, പക്ഷേ അതിന് ശേഷം താളം നഷ്ടപ്പെട്ടു’ -ചോപ്ര തന്‍റെ യൂട്യൂബ് ചാനലിൽ അഭിപ്രായപ്പെട്ടു.