നടനായും, സ്വഭാവ നടനായും, ഹാസ്യതാരവുമായൊക്കെ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് മുകേഷ്. താരത്തോടൊപ്പം എത്തിയ പല താരങ്ങളും സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയിലേക്ക് എത്തി. മലയാളത്തില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ചെങ്കിലും എന്തുകൊണ്ടാണ് തനിക്ക് സൂപ്പര്‍സ്റ്റാര്‍ ആകാന്‍ കഴിയാഞ്ഞതെന്ന് വെളിപ്പെടുത്തുകയാണ് താരം. ജെ ബി ജംഗ്ഷന്‍ എന്ന പരിപാടിയിലാണ് മുകേഷ് ഇക്കാര്യം തുറന്നു പറഞ്ഞത്.
”പല ആളുകളില്‍ നിന്നും എന്റെ മക്കളില്‍ നിന്ന് വരെ കേള്‍ക്കേണ്ടി വന്ന ഒരു ചോദ്യമാണ്, എന്ത് കൊണ്ട് ഒരു സൂപ്പര്‍ സ്റ്റാര്‍ ആയില്ല എന്ന്. അതിന്റെ കാരണം ഇതാണ്. ഞാന്‍ ഏറ്റെടുക്കുന്ന എന്ത് കാര്യമായാലും അത് അഭിനയം ആയിക്കൊള്ളട്ടെ അല്ലെങ്കില്‍ ഞാന്‍ ചെയ്യുന്ന എന്ത് ജോലി ആയാലും അത് കൃത്യമായും ആത്മാര്‍ത്ഥയോടും ചെയ്യാന്‍ ശ്രമിക്കുന്ന ആളാണ്. പക്ഷെ അത് കിട്ടി കഴിഞ്ഞാല്‍ മാത്രം. എന്നാല്‍ അത് കിട്ടാന്‍ വേണ്ടി ഞാന്‍ ഒന്നും ശ്രമിക്കാറില്ല. അത് ഒരു നടനെ സംബന്ധിച്ച് അയോഗ്യതയാണ്. എന്റെ ഏറ്റവും ചെറിയ പ്രായത്തില്‍ സിനിമയില്‍ വരാന്‍ എനിക്ക് സാധിച്ചു. അതിനാല്‍ തന്നെ സിനിമയില്‍ വലിയൊരു സമയം എനിക്ക് ലഭിച്ചു.
എന്നാല്‍ ഒരിക്കല്‍ പോലും അങ്ങനെയൊരു സിനിമ ചെയ്യണമെന്നോ അല്ലെങ്കില്‍ മികച്ച ഒരു സംവിധായകനെ കണ്ടെത്താനോ ശ്രമിച്ചിട്ടില്ല. ഒരു ദിവസം എന്റെ ഇളയ മകന്‍ എന്നോട് ചോദിച്ചു. അച്ഛാ.. എന്ത് കൊണ്ടാണ് സൂപ്പര്‍ സ്റ്റാര്‍ ആകാതിരുന്നത്. അവന്റെ ക്ലാസിലെ കുട്ടികള്‍ ചോദിച്ച ചോദ്യമായിരുന്നു. അന്ന് ഞാന്‍ അവനോട് പറഞ്ഞു. ഒരു ദിവസം അച്ഛന്‍ കാറില്‍ പോയപ്പോള്‍ ദൈവത്തെ കണ്ടു. ഈശ്വരന്‍ എന്നോട് ചോദിച്ചു, നിനക്ക് സൂപ്പര്‍ സ്റ്റാര്‍ ആകണോ അതൊ ലൈഫ് അച്ചീവ്മെന്റ് അവാര്‍ഡ് വേണോ? അപ്പോള്‍ ഞാന്‍ ലൈഫ് അച്ചീവ്മെന്റ് അവാര്‍ഡ് മതിയെന്ന് പറഞ്ഞു. അപ്പോള്‍ അവന്‍ പറഞ്ഞു അത് സൂപ്പര്‍ ആയിട്ടുണ്ടെന്ന്.” മുകേഷ് പറയുന്നു.