ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെയുള്ള പ്രമുഖർ ഉൾപ്പെട്ട മുഡയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 300 കോടി രൂപ വിലമതിക്കുന്ന 140 യൂണിറ്റിലധികം സ്ഥാവര സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് വെള്ളിയാഴ്‌ചയാണ് ഇക്കാര്യം അറിയിച്ചത്. മൈസൂർ അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി (മുഡ) ഭൂമി അനുവദിച്ചതിൽ ക്രമക്കേട് നടത്തിയെന്ന കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.
റിയൽ എസ്‌റ്റേറ്റ് ബിസിനസുകാരായും ഏജന്റുമാരായും പ്രവർത്തിക്കുന്ന വിവിധ വ്യക്തികളുടെ പേരിലാണ് കണ്ടുകെട്ടിയ സ്വത്തുക്കൾ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നതെന്ന് അന്വേഷണ ഏജൻസി പറയുന്നു. സിദ്ധരാമയ്യ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഭാര്യയുടെ പേരിലുള്ള 14 സൈറ്റുകൾക്ക് നഷ്‌ടപരിഹാരം വാങ്ങിയെന്നാണ് ആരോപണം. മൂഡ ഏറ്റെടുത്ത മൂന്നേക്കർ ഭൂമിക്ക് പകരം വൻ തുകയാണ് നഷ്‌ടപരിഹാരം നൽകിയത്.
3,24,700 രൂപയ്ക്കാണ് മുഡ ഈ ഭൂമി ആദ്യം ഏറ്റെടുത്തത്. എന്നാൽ ഈ 14 സൈറ്റുകളുടെ പകരമായി 56 കോടി രൂപയാണ് നഷ്‌ടപരിഹാരം. ഈ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയെ ലോകായുക്ത ചോദ്യം ചെയ്‌തിരുന്നു. എന്നാൽ താനോ തന്റെ കുടുംബമോ ഇക്കാര്യത്തിൽ യാതൊരു വിധ തെറ്റും ചെയ്‌തിട്ടില്ലെന്നാണ് സിദ്ധരാമയ്യ ആവർത്തിക്കുന്നത്.
പാർവതിക്ക് നഷ്‌ടപരിഹാരം നൽകുന്ന സ്ഥലം നിയമവിരുദ്ധമായി അനുവദിച്ചതിൽ മുൻ മുഡ കമ്മീഷണർ ഡിബി നടേഷിന്റെ പങ്കും കണ്ടെത്തിയിരുന്നു. മൂഡ അനുഭവിച്ച സ്ഥലത്ത് റിയൽ എസ്‌റ്റേറ്റ് വമ്പന്മാർ വൻ രീതിയിൽ കച്ചവടം നടത്തുകയും ഇത് കണക്കിൽപ്പെടാത്ത വൻ തുകയുടെ ബിസിനസിന് കാരണമാവുകയും ചെയ്‌തിരുന്നു.
2002 ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരമാണ് ഈ സ്വത്തുക്കളുടെ താൽക്കാലിക കണ്ടുകെട്ടൽ നടത്തിയതെന്നാണ് ഇഡി ഔദ്യോഗിക എക്‌സ് ഹാൻഡിലൂടെ അറിയിച്ചിരിക്കുന്നത്. പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസുകൾക്ക് അനുസൃതമായി കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ കേസെടുത്തത്.
ഇതിന് പിന്നാലെ കഴിഞ്ഞ ഒക്ടോബറിൽ മൈസൂരുവിലും ബെംഗളൂരുവിലും ഇഡി ഉദ്യോഗസ്ഥർ മൂഡ അഴിമതിയുമായി ബന്ധപ്പെട്ട് നിരവധി റിയൽ എസ്‌റ്റേറ്റ് ഏജന്റുമാരുടെ വീടുകളിലും റെയ്‌ഡ് നടത്തിയിരുന്നു. ലോകായുക്ത അന്വേഷണത്തിന് പകരം സിബിഐ അന്വേഷണം വേണമെന്ന ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജി ജനുവരി 27ന് നടക്കും.