കൊച്ചി: നീണ്ട ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സിനിമാ തീയറ്ററുകള്‍ ഇന്നു വീണ്ടും പ്രദര്‍ശനത്തിനായി തുറക്കും. തിങ്കളാഴ്ച മുതല്‍ തീയറ്ററുകള്‍ തുറന്നെങ്കിലും രണ്ടു ദിവസങ്ങളിലായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മാത്രമാണു നടന്നത്. വിദേശ ചിത്രങ്ങളാണ് ഇന്നു മുതല്‍ പ്രദര്‍ശിപ്പിക്കുന്നത്. ജയിംസ് ബോണ്ട് ചിത്രമായ നോ ടൈം റ്റു ഡൈ ആണ് ഇതില്‍ പ്രധാനം.
നിലവില്‍ 50 ശതമാനം സീറ്റുകളില്‍ മാത്രമാണ് പ്രവേശനാനുമതി. ദീപാവലി മുതല്‍ കൂടുതല്‍ ചിത്രങ്ങള്‍ റിലീസിനെത്തും. മലയാള സിനിമകളുടെ റിലീസിംഗില്‍ അനിശ്ചിതാവസ്ഥ തുടരുകയാണ്. മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഒടിടി റിലീസിലേക്കു പോയത് നിര്‍മാതാവ് ആവശ്യപ്പെട്ട തീയറ്ററുകള്‍ തീയറ്റര്‍ ഉടമകള്‍ നല്‍കാത്തതിനാലാണെന്ന് ചൊവ്വാഴ്ച എറണാകുളത്ത് ചേര്‍ന്ന നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
മരക്കാര്‍ റിലീസിന്റെ കാര്യത്തില്‍ തീയറ്റര്‍ ഉടമകള്‍ വാക്കുതെറ്റിച്ചു. ചിത്രത്തിന് 200 തീയറ്ററുകള്‍ റിലീസിംഗിനു നല്‍കുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും അവസാനം 85 എണ്ണം മാത്രമാണു നല്‍കിയത്. ഇതോടെ തീയറ്ററുടമകളില്‍നിന്നു വാങ്ങിയ പണം തിരികെ നല്‍കാന്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ തയാറായി. തുടര്‍ന്ന് സിനിമ ഒടിടിയിലേക്കു മാറ്റുകയായിരിന്നു.
അതേസമയം സംസ്ഥാനത്തെ തീയേറ്റര്‍ ഉടമകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍െര്‍ അധ്യക്ഷതയില്‍ മന്ത്രിതല യോഗം ചേരുമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. ചൊവ്വാഴ്ച ഇക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ധനകാര്യം, തദ്ദേശസ്വയംഭരണം, വൈദ്യുതി, ആരോഗ്യം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് തീയറ്റര്‍ ഉടമകള്‍ മുന്നോട്ടുവച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ വകുപ്പ് മന്ത്രിമാരെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗത്തിലേ അന്തിമ തീരുമാനമെടുക്കാനാവൂ. അതിനാലാണ് മന്ത്രിതല യോഗം നടത്താന്‍ തീരുമാനിച്ചത്. ഇതിന്റെ തീയതി വൈകാതെ നിശ്ചയിക്കുമെന്നും മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.