തിരുവനന്തപുരം: മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ തത്ക്കാലികമായി കാക്കി യൂണിഫോം ഉപേക്ഷിച്ചു. യൂണിഫോമില്‍ കേരളസര്‍ക്കാരിന്റെ ആനചിഹ്നം വേണമെന്ന വ്യവസ്ഥ പാലിക്കാന്‍ കഴിയാത്തതിനാലാണ് തീരുമാനം. തുണിത്തൊപ്പിയായ ബൈററ്റ് ക്യാപ്പിന്റെ ഉപയോഗം നിരോധിച്ച ഹൈക്കോടതി, മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരോട് കേരള മോട്ടോര്‍വാഹനചട്ടപ്രകാരമുള്ള യൂണിഫോം ധരിക്കാന്‍ നിര്‍ദേശിച്ചിരുന്നു.
ഹൈക്കോടതി ഉത്തരവ് പാലിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്ര തന്നെ യൂണിഫോമില്‍ ഉപയോഗിക്കണം. എന്നാല്‍ സൗകര്യപ്രദമായ ചിഹ്നം വിപണിയില്‍ കിട്ടാനില്ലാത്തതാണ് പ്രശ്നം. കോടതി അലക്ഷ്യമാകാതിരിക്കാനാണ് തത്ക്കാലം യൂണിഫോം ഒഴിവാക്കിയിരിക്കുന്നത്.
യൂണിഫോം പരിഷ്‌കരിക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച സ്‌പെഷ്യല്‍ റൂളില്‍ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ഭേദഗതി നിലവില്‍ വരുന്നതുവരെ യൂണിഫോം എങ്ങനെ ഉപയോഗിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടില്ല. കേരള മോട്ടോര്‍വാഹനചട്ടപ്രകാരം കേരള സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്രയാണ് മോട്ടോര്‍വാഹനവകുപ്പിന്റെ യൂണിഫോമിലുള്ളത്.
അതേസമയം മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ കാക്കി യൂണിഫോം ധരിക്കുന്നത് നിര്‍ത്തണമെന്ന് സര്‍ക്കാറിനോട് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ആവശ്യപ്പെട്ടിരിന്നു. പോലീസിന്റേതിന് സമാനമായ യൂണിഫോമിട്ട് മറ്റ് ചില വകുപ്പിലെ ഉദ്യോഗസ്ഥര്‍ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ തെറ്റിദ്ധാരണ പരത്തുകയാണെന്നാണ് പരാതി. പോലീസ് സേനക്ക് മാത്രമായി കാക്കി വസ്ത്രം നിജപ്പെടുത്തണമെന്നാണ് ആവശ്യം. പൊലീസ്, ഫയര്‍ഫോഴ്‌സ്, ജയില്‍, വനം വകുപ്പ്, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കാക്കി യൂമിഫോമാണ്.
പക്ഷേ, പോലീസിന് സമാനമായ ചിഹ്നങ്ങളോ ബെല്‍റ്റോ ഇതര സേനാവിഭാഗങ്ങള്‍ ഉപയോഗിക്കാറില്ല. എന്നാല്‍, ഒറ്റനോട്ടത്തില്‍ പോലീസിന് സമാനമായാണ് ജനങ്ങള്‍ ഈ യൂണിഫോമിനെയും കാണുന്നതെന്നാണ് പോലീസിന്റെ പരാതി. പോലീസ് ആക്ട് പ്രകാരം പോലീസ് യൂണിഫോമിന് സമാനമായി വസ്ത്രം ധരിക്കുന്നത് തെറ്റാണെന്നും ചൂണ്ടിക്കാട്ടുന്നു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍, സ്റ്റുഡന്റ് പോലീസിന്റെ ഭാഗമായ അധ്യാപകര്‍ ഉള്‍പ്പെടെ പലരും കാക്കി യൂണിഫോമും തോളില്‍ നക്ഷത്രങ്ങളുമെല്ലാം വെക്കാറുണ്ട്.
കഴിഞ്ഞദിവസം എ.ഡി.ജി.പിമാരുടെ യോഗത്തില്‍ വിഷയം ചര്‍ച്ചയായി. എ.ഡി.ജി.പി കെ. പത്മകുമാറാണ് വിഷയം അവതരിപ്പിച്ചതെന്നാണ് വിവരം. സേനാംഗങ്ങളല്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാക്കി ധരിച്ച് തെറ്റിധാരണ പരത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും പോലീസ് ചമയണ്ടെന്നും യൂണിഫോം കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നും പറഞ്ഞു. സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തണമെന്ന പൊതു അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി അനില്‍കാന്ത് ഇക്കാര്യം ആവശ്യപ്പെട്ടത്.