അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ 25ഓളം ഇന്ത്യക്കാന്‍ മോസ്‌കോ വിമാനത്താവളത്തില്‍ കുടുങ്ങി
മോസ്‌കോ: അഞ്ച് മലയാളി എം.ബി.ബി.എസ് വിദ്യാര്‍ഥികളുള്‍പ്പെടെ 25-ഓളം ഇന്ത്യക്കാര്‍ റഷ്യയിലെ മോസ്‌കോ വിമാനത്താവളത്തില്‍ കുടുങ്ങി. മോസ്‌കോയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള എയറോഫ്‌ളോട്ട് വിമാനത്തിലെ യാത്രക്കാര്‍ക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. രാവിലെ വിമാനത്താവളത്തിലെത്തി ലഗ്ഗേജ് കയറ്റിവിടുകയും സുരക്ഷാ നടപടികളിലൂടെ കടന്നുപോവുകയും ചെയ്ത ശേഷം വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ലെന്ന് ഇവര്‍ പറയുന്നു.
അതേസമയം വൈകിയെത്തിയത് കാരണമാണ് വിമാനത്തില്‍ കയറാന്‍ അനുവദിക്കാതിരുന്നത് എന്നാണ് വിമാനത്താവള അധികൃതരുടെ വിശദീകരണം. വേറെ ടിക്കറ്റെടുത്ത് യാത്ര ചെയ്യാനാണ് വിമാന കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ നിര്‍ദേശമെന്നു യാത്രക്കാര്‍ പറയുന്നു. പിന്നീട് ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വെബ്‌സൈറ്റില്‍ നല്‍കിയ നമ്പറുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു.
ഇന്ത്യക്കാര്‍ കുടുങ്ങിയ വിവരം ലഭിച്ച ഉടന്‍ തന്നെ റഷ്യയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനായ ബിനയ് പ്രധാനുമായി ബന്ധപ്പെട്ടുവെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളെ ഉടന്‍ തന്നെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ഇന്ത്യന്‍ എംബസി സ്വീകരിച്ചു വരികയാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.