FeaturedHome-bannerKeralaNews

താത്കാലിക പാലത്തിലൂടെ രാത്രിയും രക്ഷാപ്രവർത്തനം; 500-ൽ അധികം പേരെ രക്ഷപ്പെടുത്തി

മേപ്പാടി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഒറ്റപ്പെട്ട് പോയ അഞ്ഞൂറിലധികം പേരെ താത്കാലിക പാലത്തിലൂടെ രക്ഷപ്പെടുത്തി. കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോറിന്റെ (ഡി.എസ്.സി) ഭാഗമായ സൈനികരും അഗ്നിശമന സേനയും ചേർന്നാണ് പാലം ചൂരല്‍മലയില്‍ ചൊവ്വാഴ്ച രാത്രിയോടെ താത്കാലിക പാലം നിര്‍മ്മിച്ചത്. ചൂരല്‍മലയേയും മുണ്ടക്കൈയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് നിര്‍മ്മിച്ചത്.

ഉരുൾപൊട്ടൽ നടന്ന് മണിക്കൂറുകൾക്ക് ശേഷം സൈന്യവും എൻഡിആർഎഫും അടങ്ങുന്ന ദൗത്യസംഘം പുഴകടന്ന് മുണ്ടക്കൈയിലേക്ക് എത്തിയിരുന്നു. ദുരന്ത ഭൂമിയിൽ കുടുങ്ങിയ നൂറോളം പേരെ മുണ്ടക്കൈയിൽ കണ്ടെത്തി. ഇവരെ വടംകെട്ടി പുഴയ്ക്ക് മുകളിലൂടെ രക്ഷപ്പെടുത്താനാണ് ശ്രമം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് അതീവദുഷ്‌കരവും സമയമെടുക്കുന്നതുമായ രക്ഷാപ്രവര്‍ത്തനമായിരുന്നു.

താത്കാലിക പാലം യാഥാര്‍ഥ്യമായതോടെ രക്ഷാപ്രവര്‍ത്തനം അതിവേഗത്തിലായി. അതിനൊപ്പം അതീവ ദുഷ്‌കരമായ ലാന്‍ഡിങ് നടത്തി വ്യോമസേനയുടെ ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി. അടിയന്തര ചികിത്സ ആവശ്യമുള്ളവരെയാണ് എയര്‍ഫോഴ്‌സിന്റെ ഹെലികോപ്റ്ററില്‍ എയര്‍ലിഫ്റ്റ് ചെയ്തത്. നിലവില്‍ താത്കാലിക പാലത്തിലൂടെയും പുഴയ്ക്ക് കുറുകെ കെട്ടിയ വടത്തിലൂടെയും ഒരേസമയം രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്.

കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ് (ഡിഎസ്സി) സെന്ററില്‍ നിന്ന് 200 സൈനികരുള്ള ഇന്ത്യന്‍ ആര്‍മിയുടെ രണ്ട് വിഭാഗങ്ങൾ‌ വയനാട്ടിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. കണ്ണൂരിലെ സൈനിക ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ സംഘത്തെയും കോഴിക്കോട് നിന്നുള്ള ടെറിട്ടോറിയല്‍ ആര്‍മിയുടെ സേനയേയും വയനാട്ടിൽ വിന്യസിച്ചിട്ടുണ്ട്.

മേപ്പാടിക്കടുത്തുള്ള ചൂരല്‍മലയിലും മുണ്ടക്കൈയിലുമാണ് ഉരുള്‍പൊട്ടലുകളുണ്ടായത്. തിങ്കളാഴ്ച രാത്രിയിലുണ്ടായ രണ്ട് ഉരുള്‍പൊട്ടലുകളിലായി മരണസംഖ്യ 120 ആയിട്ടുണ്ട്. ചൂരല്‍മലയില്‍ നിരവധി വീടുകള്‍ തകരുകയും ഒലിച്ചുപോകുകയുംചെയ്തിട്ടുണ്ട്. നിരവധിപേര്‍ ദുരന്തമേഖലയില്‍ ഇനിയും കുടുങ്ങിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. പരിക്കേറ്റ നൂറിലധികം പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്.

രാത്രിയായതോടെ തിരച്ചിൽ നിർത്തിവെച്ചിരിക്കുകയാണ്. ബുധനാഴ്ച പുലർച്ചെ വീണ്ടും തിരച്ചിൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. മരണസംഖ്യ സംബന്ധിച്ച് ശരിയായ കണക്ക് ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker