ചെന്താമര ‘സൈക്കോ’,സജിതയെ കൊന്നതുപോലെ ആസൂത്രണം ചെയ്ത് നടപ്പാക്കി, വനത്തിലൊളിച്ചു; നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്, അന്വേഷണം ഊർജിതമാക്കി പൊലീസ്
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതിയായ ചെന്താമര 2019-ല്‍ നടത്തിയ ആദ്യ കൊലപാതകം ഇപ്പോഴത്തേതിന് സമാനമായിരുന്നു. ഇപ്പോള്‍ കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ സജിതയെയാണ് ഇയാള്‍ അന്ന് ക്രൂരമായി കൊലപ്പെടുത്തിയത്. ചെന്താമരയും ഭാര്യയും അകന്നുകഴിയുകയായിരുന്നു. ഭാര്യയെ തന്നില്‍നിന്ന് അകറ്റിയത് സജിതയാണെന്ന സംശയത്തിന്റെ പേരിലായിരുന്നു സജിതയെ വകവരുത്തിയത്.
ഈ കൊലപാതകം വിദഗ്ധമായിട്ടായിരുന്നു പ്രതി ആസൂത്രണം ചെയ്തത്. സജിതയുടെ ഭര്‍ത്താവ് സുധാകരന്‍ തിരുപ്പുരിലെ ജോലി സ്ഥലത്തും മക്കള്‍ സ്‌കൂളിലും പോയ സമയത്തായിരുന്നു കൊലപാതകം. ഈ സമയം വീട്ടില്‍ സജിത തനിച്ചാണെന്ന് ചെന്താമര മനസ്സിലാക്കിയിരുന്നു. കൊലയ്ക്കുശേഷം പ്രതി ഒളിവില്‍ പോയി.
ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍, സൈബര്‍ സെല്‍ എന്നിങ്ങനെ കേരള പോലീസിന്റെ സര്‍വ്വ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയായിരുന്നു പിന്നീട് അന്വേഷണം. തെളിവുകളും നാട്ടുകാരുടെ മൊഴികളിലൂടെയും ചെന്താമരയുടെ പങ്കിനെ കുറിച്ച് വ്യക്തമായ സൂചന പോലീസിന് ലഭിച്ചു. തുടര്‍ന്ന് പ്രതി ഇപ്പോള്‍ കൊലനടത്തി ഒളിവില്‍ കഴിയുന്നുവെന്ന് കരുതുന്ന അരക്കമലയിലും പരിസര പ്രദേശങ്ങളിലും
വനത്തിലും ഉള്‍പ്പെടെ പോലീസ് തിരച്ചില്‍ നടത്തി.
ചെന്താമരയെ കണ്ടെത്താനായി നാട്ടുകാരും പോലീസിനൊപ്പം തിരച്ചിലിനിറങ്ങിയിരുന്നു. പോലീസിന്റെ നീക്കം മനസ്സിലായതോടെ കാട്ടിനുള്ളിലെ ഒളിത്താവളംവിട്ട് പുറത്തിറങ്ങുന്നതിനിടെ ഇയാളെ അന്വേഷണസംഘം പിടികൂടുകയായിരുന്നു. ഈ കേസില്‍ അടുത്തമാസം വിചാരണ തുടങ്ങാനിരിക്കെയാണ് ചെന്താമര ജയിലില്‍നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. 2019-ല്‍ കൊലപ്പെടുത്തിയ സജിതയുടെ ഭര്‍ത്താവ് സുധാകരനേയും ഇദ്ദേഹത്തിന്റെ അമ്മ ലക്ഷ്മിയേയുമാണ് ഇയാള്‍ ഇപ്പോള്‍ വകവരുത്തിയത്.സുധാകരനെയും ലക്ഷ്മിയെയും കൊല്ലുമെന്ന് ഇയാള്‍ മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് വിവരം.
ചെന്താമരക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നതായി നാട്ടുകാരിലൊരാൾ പറഞ്ഞു. ചെന്താമര ഒരു സൈക്കോയാണെന്നാണ് നാട്ടുകാരുടെ പ്രതികരണം. ഇത്തരത്തിലൊരു ദുരന്തം പ്രതീക്ഷിച്ചിരുന്നുവെന്നും ഇവര്‍ പറയുന്നു. കൊല്ലപ്പെട്ട സുധാകരന്റെ മൃതദേഹം സംഭവ സ്ഥലത്ത് എടുക്കാൻ സമ്മതിക്കാതെ നാട്ടുകാർ പ്രതിഷേധിച്ചു. പ്രതിയെ പിടികൂടാതെ ബോഡി എടുക്കേണ്ടെന്ന നിലപാടിലാണ് നാട്ടുകാർ. ചെന്താമര ജാമ്യത്തിലിറങ്ങിയ സമയം മുതൽ നാട്ടുകാർ ഭീതിയിലായിരുന്നു.
സജിതയെ കൊലപ്പെടുത്തിയ അതേരീതിയിലാണ് ഈ കൊലകളും നടത്തിയത്. ഭാര്യയും കുട്ടിയും പിണങ്ങി പോയതിനു പിന്നില്‍ അയല്‍വാസിയായ സജിതക്കും മറ്റ് ചില അയല്‍ വാസികള്‍ക്കും പങ്കുണ്ടെന്ന് കരുതി അതിനെത്തുടര്‍ന്നുണ്ടായ വൈരാഗ്യത്തിലാണ് സജിതയെ കൊലപ്പെടുത്തിയതെന്ന് അന്ന് ചെന്താമര അന്വേഷണസംഘത്തോട് കുറ്റസമ്മതവും നടത്തിയിരുന്നു.ഇപ്പോള്‍ ചെന്താമരയ്ക്കായി പോലീസ് വ്യാപകമായി തിരച്ചില്‍ നടത്തുന്നുണ്ട്. അക്കരമലയ്ക്ക് പുറമെ നിലമ്പൂര്‍ വനത്തിലും ഇയാള്‍ ഒളിക്കാനുള്ള സാധ്യത പോലീസ് തള്ളിക്കളഞ്ഞിട്ടില്ല.